വീണ ഐ ജി എസ് ടി കൊടുത്തതിന്റെ രേഖകൾ കാണിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമോ; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് എ കെ ബാലൻ

Sunday 20 August 2023 11:56 AM IST

പാലക്കാട്: മാത്യു കുഴൽനാടൻ എം എൽ എയുടേത് അനാവശ്യ ആരോപണങ്ങളാണെന്ന് സി പി എം നേതാവ് എ കെ ബാലൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളായതിനാലാണ് വീണ വിജയനെതിരെ ആരോപണമുന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വീണയും കമ്പനിയും ഐ ജി എസ് ടി അടച്ചെന്ന് തെളിയിച്ചാൽ മാത്യു കുഴൽനാടൻ ആരോപണം പിൻവലിച്ച് മാപ്പുപറയുമോയെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കുമോയെന്നും ബാലൻ വെല്ലുവിളിച്ചു. ആരോപണവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വീണയ്ക്ക് നോട്ടീസ് നൽകുകയോ വിളിപ്പിച്ച് മൊഴിയെടുക്കുകയോ ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

"ഉന്നയിച്ച ആരോപണങ്ങളിൽ മാത്യു കുഴൽനാടൻ ഉറച്ചുനിൽക്കുന്നുണ്ടോ? വീണ ഐ ജി എസ് ടി കൊടുത്തില്ലെന്നാണ് അദ്ദേഹം ഉന്നയിച്ച പ്രധാന ആരോപണം. എന്നാൽ ഓരോ മാസവും ഇത് കൊടുത്തതിന്റെ രേഖ പുറത്തുവിട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ എം എൽ എ തയ്യാറാണോ." വാസ്തവമില്ലാത്ത കാര്യങ്ങൾ എന്തിനാണ് പൊതുസമൂഹത്തിന് മുന്നിൽ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

വീണയുടെ കമ്പനി 42 ലക്ഷം രൂപ അധികമായി സിഎംആർഎല്ലിൽ നിന്ന് വാങ്ങിയതിന് രേഖകളുണ്ടെന്ന് മാത്യു കുഴൽനാടൻ ഇന്നലെ ആരോപിച്ചിരുന്നു. കൂടാതെ ഈ കമ്പനിയുടെ ഉടമയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും പണം വാങ്ങിയെന്നും അദ്ദേഹം ആരോപിച്ചു.

സിഎംആർഎലിൽനിന്ന് 42,48,000 രൂപ വീണ വാങ്ങി. 2014–15ലാണ് വീണ കമ്പനി ആരംഭിച്ചത്. ഇതിനായി 14 ലക്ഷം രൂപ നിക്ഷേപിച്ചു. 2015–16 വർഷം 25 ലക്ഷം വരവുണ്ടായി. ചെലവ് 70 ലക്ഷം. 44 ലക്ഷത്തിലേറെ നഷ്ടമുണ്ടായി. പിന്നാലെ സിഎംആർഎൽ കമ്പനി ഉടമയുടെ ഭാര്യയിൽനിന്ന് വീണയ്‌ക്ക് 25 ലക്ഷം ലഭിച്ചു. പിറ്റേവർഷം 37 ലക്ഷം രൂപ നൽകി. 2017–18 വർഷം 20.38 ലക്ഷം രൂപ ലാഭം. പിറ്റേവർഷം 17 ലക്ഷം രൂപ നഷ്‌ടമുണ്ടായി. പിന്നാലെ കമ്പനിക്കായി വീണ 59 ലക്ഷം രൂപ മുടക്കിയതായും രേഖകൾ ചൂണ്ടിക്കാട്ടികൊണ്ട് കുഴൽനാടൻ വിവരിച്ചിരുന്നു. വിഷയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാലന് അദ്ദേഹം ഇമെയിൽ വഴി പരാതി നൽകുകയും ചെയ്‌തിരുന്നു.