'ഇനിയും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കും'; സച്ചിദാനന്ദൻ പറഞ്ഞത് ഓട്ടച്ചങ്കൻ തകർത്ത് തരിപ്പണമാക്കിയ കേരളത്തിന്റെ മനസെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദന്റെ പ്രസ്‌താവന ഏറ്റെടുത്ത് പ്രതിപക്ഷം.
'കേരളത്തിലെ ജനങ്ങളുടെ മനസിലുള്ളതാണ് സച്ചിദാനന്ദൻ പറഞ്ഞത്. കേരളത്തിലെ ഭരണം നോക്കിക്കാണുന്ന ആരും പറയുന്ന അഭിപ്രായമാണിത്. കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തിൽ തട്ടി പറഞ്ഞതാണ്. ഈ സർക്കാർ തുടരുന്നെങ്കിൽ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകർന്ന് തരിപ്പണമായിരിക്കുകയാണ്. അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണുകിടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരേയും ജനങ്ങളുടെ മുന്നില്‍ തുറന്നുകാണിക്കുന്നതിനുള്ള അവസരമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പ്.' -പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
'ഇത്രയേറെ മാദ്ധ്യമങ്ങളെയും ജനങ്ങളെയും പ്രതിപക്ഷത്തെയും ഭയന്നിട്ടുള്ള മുഖ്യമന്ത്രി വേറെയില്ല. ഇതാണോ നിങ്ങളുടെ ഇരട്ടച്ചങ്കൻ? ഇത് ഓട്ടച്ചങ്കനാണ്. അദ്ദേഹം ആകാശവാണിയാണ്. ആകാശവാണി വിജയൻ. ചോദിക്കാൻ അവസരം കൊടുക്കില്ല, ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഇപ്പോൾ പൊതുമരാമത്ത് മന്ത്രിയാണ് ഇറങ്ങിയിരിക്കുന്നത്. ആരോപണം ഉന്നയിക്കുന്നവർക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമോൻ പറയുന്നത്. അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതിനാലാണ് ഒരു മന്ത്രിക്ക് ഇങ്ങനെ പറയാൻ ധൈര്യം കിട്ടിയത്.'- പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
'പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മൂന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ സഖാക്കളോട് പറയുകയാണ്, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും.'- എന്നായിരുന്നു സച്ചിദാനന്ദന്റെ പ്രസ്താവന.
കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ട്. പൊലീസിനകത്തുള്ള ആർഎസ്എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണമോ ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പൊലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.