'ഫലിതം പ്രസ്‌താവന പോലെ പ്രചരിപ്പിക്കപ്പെട്ടു, ഇനി രാഷ്‌ട്രീയ അഭിമുഖങ്ങൾക്കില്ല'; ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കെ സച്ചിദാനന്ദൻ

Monday 21 August 2023 2:33 PM IST

തിരുവനന്തപുരം: വീണ്ടും അധികാരത്തിലെത്തിയാൽ ഇടതുപക്ഷം നശിക്കുമെന്ന പരാമർശം തിരുത്തി കവിയും കേരള സാഹിത്യ അക്കാഡമി അദ്ധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും എന്നാൽ അതിൽ തിരുത്തലുകൾ വരുത്തിയാണ് മാദ്ധ്യമങ്ങളിൽ വന്നതെന്നും സച്ചിദാനന്ദൻ കുറ്റപ്പെടുത്തി. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിശദീകരണം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെ മാദ്ധ്യമധാർമ്മികത വിചിത്രമാണ്. വലതു പക്ഷത്തിന്റെ വളർച്ചയുടെ വിപത്തുകൾ കൃത്യമായി ചൂണ്ടിക്കാട്ടി, ഇടതുപക്ഷത്തെ കൂടുതൽ വിശാലമായി, ഗാന്ധിയെയും അംബേദ്കറെയും ഉൾക്കൊള്ളാവുന്ന വിധത്തിൽ, നിർവ്വചിക്കാൻ ശ്രമിക്കയാണ്, വളരെ കാലമായി ചെയ്യും പോലെ, ഞാൻ രണ്ടു മണിക്കൂർ നീണ്ട ഇന്ത്യൻ എക്സ്പ്രസ്സ് അഭിമുഖത്തിൽ ചെയ്തത്, ഇന്നത്തെ ഇടതുപക്ഷത്തിന്റെ ചില പരാധീനതകൾ ചൂണ്ടിക്കാട്ടുകയും. അതിന്റെ പ്രത്യേകരീതിയിൽ എഡിറ്റ് ചെയ്ത വേർഷനുകൾ ആണ് പത്രത്തിലും യു ട്യൂ ബിലും വന്നത്.

അതിൽ നിന്ന് തന്നെ തങ്ങൾക്ക് വേണ്ട ചില വരികൾ എടുത്ത് പ്രചരിപ്പിക്കാൻ ആണ് മറ്റു മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ചില ഫലിതങ്ങൾ പോലും പ്രസ്താവനകൾ എന്നപോലെ പ്രചരിപ്പിക്കപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെക്കുറിച്ച് ഞാൻ താഴെയുള്ള പോസ്റ്റ് ഇട്ടത്. കേരളത്തിൽ കൂടുതൽ സ്വാതന്ത്ര്യം തേടിയാണ് വന്നത്. എന്നാൽ ദേശീയമായ കാഴ്ചപ്പാടിൽ കാര്യങ്ങളെ കാണുവാൻ ഇവിടത്തെ കറുപ്പും വെളുപ്പും രാഷ്ട്രീയം തടസമാണെന്ന് ബോദ്ധ്യമാകുന്നു. രാഷ്ട്രീയം ആയ അഭിമുഖങ്ങൾ ഇനി ഇല്ല. എനിക്ക് വേണ്ടത് എനിക്ക് നിയന്ത്രണമുള്ള പ്രസംഗങ്ങളിലും ലേഖനങ്ങളിലും പറഞ്ഞു കൊള്ളാം.

പശ്ചിമ ബംഗാളിൽ നമ്മൾ കണ്ടതുപോലെ രണ്ട് ടേം ഒരു പാർട്ടിയെ അഹങ്കാരികളാക്കുകയും മൂന്നാമത്തെ ടേം നശിപ്പിക്കുകയും ചെയ്യും. ഞാൻ സഖാക്കളോട് പറയുകയാണ്, അടുത്ത തവണ നിങ്ങൾ അധികാരത്തിൽ വരാതിരിക്കാൻ പ്രാർത്ഥിക്കുക. കാരണം അത് പാർട്ടിയുടെ അവസാനമായിരിക്കും.'- എന്നായിരുന്നു സച്ചിദാനന്ദന്റെ പരാമർശം.

കേരളത്തിലെ പൊലീസ് സംവിധാനത്തോട് വിയോജിപ്പുണ്ടെന്നും സച്ചിദാനന്ദൻ പറഞ്ഞു. 'പൊലീസിനകത്തുള്ള ആർഎസ്എസ് പക്ഷമാണ് ഇത്തരം കാര്യങ്ങൾക്ക് പിന്നിലെന്നാണ് ഇടതുപക്ഷത്തിന്റെ വാദം. അതൊരു ന്യായീകരണമോ കാരണമോ ആകാം. യുഎപിഎയും സമാനമായ നിയമങ്ങളോടും തനിക്ക് എതിർപ്പാണ്. ഗ്രോ വാസുവിനോടുള്ള പൊലീസ് സമീപനം ഒരിക്കലും ഇടതുപക്ഷ സർക്കാർ സ്വീകരിക്കാൻ പാടില്ലാത്തതാണ്'- അദ്ദേഹം കൂട്ടിച്ചേർത്തു. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം.