മകനെപ്പോലെ നോക്കുമെന്ന് പറഞ്ഞത് വെറുതെയല്ല, അർജുന് ഗണേഷ് കുമാർ ഒരുക്കിയത് വീട് മാത്രമല്ല; സ്വപ്നമാണെന്ന് തോന്നിയെന്ന് ആ അമ്മയും മകനും
Tuesday 22 August 2023 11:01 AM IST
അർജുന് വീടൊരുക്കി കെ ബി ഗണേഷ് കുമാർ എം എൽ എ. പത്തനാപുരം സ്വദേശിയായ ഏഴാം ക്ലാസുകാരൻ അർജുനും അമ്മയ്ക്കും വീട് വച്ചുകൊടുക്കുമെന്ന് മാസങ്ങൾക്ക് മുമ്പാണ് ഗണേഷ് കുമാർ വാക്ക് നൽകിയത്. കഴിഞ്ഞ ദിവസമായിരുന്നു അമ്മയും മകനും പുതിയ വീട്ടിലേക്ക് മാറിയത്.
വീടിനൊപ്പം ഫ്രിഡ്ജ്, അലമാര,വസ്ത്രങ്ങൾ അടക്കമുള്ളവയും വാങ്ങി നൽകി. കൂടാതെ പച്ചക്കറിയടക്കം എല്ലാ സാധനങ്ങളും വീട്ടിലൊരുക്കിയിട്ടുണ്ട്. ഭാര്യ ബിന്ദു, ഹരി പത്തനാപുരം അടക്കമുള്ളവർ വീടിന്റെ പാലുകാച്ചലിന് ഗണേഷ് കുമാറിന് ഒപ്പമുണ്ടായിരുന്നു.
'എനിക്ക് ഏറെ സന്തോഷമുണ്ട്. വീട് കാണുമ്പോൾ അതിശയിച്ചുപോയി. ഭയങ്കര സർപ്രൈസാണ്. ബിന്ദു ആന്റിയും ഗണേഷ് മാമനും എനിക്കൊരു സൈക്കിളും വാങ്ങിത്തന്നു. സ്വപ്നമാണെന്ന് തോന്നി.'- അർജുൻ പറഞ്ഞു.