ധന വകുപ്പിൽ നിന്ന് 70 കോടി കിട്ടിയാൽ ഉടൻ ശമ്പളം: മന്ത്രി ആന്റണി രാജു

Wednesday 23 August 2023 12:00 AM IST

□കൂപ്പൺ നൽകാൻ പറഞ്ഞത് ഹൈക്കോടതി

തിരുവനന്തപുരം: ധന വകുപ്പിൽ നിന്ന് 70 കോടി രൂപ കിട്ടിയാലുടൻ ശമ്പള വിതരണത്തിനുള്ളനടപടികൾ കെ.എസ്.ആർ.ടി.സി പൂർത്തിയാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഓണത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാർക്കാർക്ക് കൂപ്പൺ കൊടുക്കാൻ പറഞ്ഞതും, ഇപ്പോൾ കൂപ്പൺ കൊടുക്കരുതെന്ന് പറയുന്നതും ഹൈക്കോടതിയാണ്. ജീവനക്കാർക്ക് കൂപ്പൺ നൽകണമെന്ന നിർദേശം കെ.എസ്.ആർ.ടി.സി എവിടെയും ഉന്നയിച്ചിട്ടില്ല. ധന വകുപ്പിലെ നടപടിക്രമങ്ങളാണ് പണമെത്തുന്നതിനുള്ള കാലതാമസത്തിന് കാരണമെന്നാണ് കരുതുന്നത്. ജൂലായിലെ ശമ്പളം മാത്രമാണ് ഇനി നൽകാനുള്ളത്. ജൂൺ വരെയുള്ള പെൻഷൻ നൽകിയിട്ടുണ്ട്. ജൂലായിലെ പെൻഷൻ നൽകാനാണ് ശ്രമം. 80 കോടിയാണ് ശമ്പള വിതരണത്തിന്‌വേണ്ടത്. നേരത്തെ അനുവദിച്ച 30 കോടിയും ഇപ്പോൾ അനുവദിച്ച 40 കോടിയും ചേർത്താണ്

70 കോടി ധനവകുപ്പിൽ നിന്ന് കിട്ടുന്നത്. ശേഷിക്കുന്ന 10 കോടി ഓവർഡ്രാഫ്റ്റ് എടുക്കും

ബൾക്ക് പർച്ചേസ് കേന്ദ്രം എടുത്തു മാറ്റിയതിലൂടെ 20 കോടിയുടെ അധിക ബാദ്ധ്യതയാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായത്. സ്വിഫ്റ്റിന് ലഭിക്കുന്ന പണം കെ.എസ്.ആർ.ടി.സിക്ക് വേണ്ടിയാണ് അടയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.