ഓണ നാളുകളിൽ 100 ലക്ഷം ലിറ്റർ പാൽ വില്പന ലക്ഷ്യമിട്ട് മിൽമ

Friday 25 August 2023 12:17 AM IST

തിരുവനന്തപുരം: ഓണത്തിന് റെക്കോഡ് വിൽപന ലക്ഷ്യമിട്ട് മിൽമ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ പാൽ എത്തിച്ചു തുടങ്ങി. ഉത്രാടം മുതൽ ചതയം വരെ 100 ലക്ഷം ലിറ്ററിന്റെ കച്ചവടമാണ് പ്രതീക്ഷ. കഴിഞ്ഞ വ‌ർഷം ഈ നാലു ദിവസങ്ങളിൽ 94,59,576 ലിറ്റർ പാലാണ് വിറ്റത്. തൈര് വില്പനയിലും സർവകാല റെക്കോഡായിരുന്നു. മിൽമ ഒരു ദിവസം സംഭരിക്കുന്നത് 14 ലക്ഷം ലിറ്റർ പാൽ മാത്രമാണ്. കൂടുതൽ പാലിന് മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സ്ഥാപനങ്ങളുമായി മിൽമ നേരത്തെ ധാരണയായിരുന്നു. ഏറ്റവും കൂടുതൽ പാൽ ആവശ്യമായി വരുന്നത് തിരുവനന്തപുരം യൂണിയനിലാണ്.

കഴിഞ്ഞ തിരുവോണ ദിവസം മാത്രം 35,11,740 ലിറ്റർ പാൽ വിറ്റു. 3,45,386 കിലോ തൈരും വിറ്റുപോയി. മിൽമയുടെ മറ്റ് ഉത്പന്നങ്ങളായ വെണ്ണ, പായസം മിക്സ്, പേട, ഫ്‌ളേവേഡ് മിൽക്ക് എന്നിവയ്ക്കും ഓണത്തിന് വൻ ഡിമാന്റാണ്.

കഴിഞ്ഞ ഓണക്കാലത്തെ വില്പന

(ഉത്രാടം മുതൽ ചതയം വരെ)

പാൽ

94,59,576 ലിറ്റർ

തൈര്

11,30,545 കിലോ

പാലട പായസം മിക്സ്

8 ലക്ഷം പാക്കറ്റ്

പൊതുജനങ്ങൾക്ക് ആവശ്യാനുസരണം പാലും പാൽ ഉത്പന്നങ്ങളും ലഭ്യമാക്കും

-കെ.എസ്. മണി, മിൽമ ചെയർമാൻ