ആദ്യ ശ്രമത്തിൽ തന്നെ തിളങ്ങി നീരജ് ചോപ്ര; ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിച്ചു

Friday 25 August 2023 3:45 PM IST

ബുഡാപെസ്‌റ്റ: ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ജാവലിൻ ത്രോയിൽ ഒളിമ്പിക‌്‌സ് മെഡൽ ജേതാവ് നീരജ് ചോപ്ര ഫൈനലിൽ. ബുഡാപെസ്‌റ്റിൽ നടന്ന മത്സരത്തിലെ ആദ്യ ശ്രമത്തിൽ തന്നെ 88.77 മീറ്റർ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര ഫൈനൽ ഉറപ്പിച്ചത്. ഈ സീസണിൽ നീരജിന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നുണ്ടായത്. ജ‌ർമ്മനിയുടെ ജൂലിയൻ വെബ്ബർ 82.39 മീറ്റർ എറിഞ്ഞ് രണ്ടാമതെത്തി. 81.31 മീറ്റർ എറിഞ്ഞ ഇന്ത്യയുടെ ഡി.പി മനു മൂന്നാമതെത്തി.

83 മീറ്ററായിരുന്നു യോഗ്യത നേടാനുള്ള ദൂരം. നീരജ് ചോപ്രയൊഴികെ മറ്റാരും അത്ര ദൂരം എറിഞ്ഞില്ല. അമേരിക്കയിൽ കഴിഞ്ഞവർഷം നടന്ന ചാമ്പ്യൻഷിപ്പിൽ നീരജിന് വെള്ളി മെഡൽ നേടാനായി. യോഗ്യത മത്സരത്തിൽ മികച്ച പ്രകടനത്തോടെ നീരജ്, പാരിസ് ഒളിമ്പിക്‌സിന് യോഗ്യത നേടി. ഞായറാഴ്‌ച 12 പേരടങ്ങുന്ന മത്സരമാണ് ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് ഫൈനൽ. നീരജിന് പുറമേ ഇന്ത്യക്കായി കിഷോർ കുമാർ ജെന, ഡി.പി മനു എന്നിവരും മത്സരരംഗത്തുണ്ട്.