ജാമ്യമെടുക്കാൻ തയ്യാറായില്ല, ഗ്രോ വാസു ജയിലിൽ തുടരും

Saturday 26 August 2023 12:00 AM IST

കോഴിക്കോട് : മാവോയിസ്റ്റ് നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നതിനെതിരെ കോഴിക്കോട് മെഡി. കോളേജ് മോർച്ചറിക്കു മുന്നിൽ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു ജയിലിൽ തുടരും. സംഘം ചേർന്നുവെന്നും മാർഗ്ഗ തടസ്സം സൃഷ്ടിച്ചുവെന്നും കുറ്റം ചാർത്തിയ കേസിൽ ജാമ്യമെടുക്കാൻ തയ്യാറാവാത്തതിനാലാണ് കുന്ദമംഗലം കോടതി ഗ്രോ വാസുവിനെ ജയിലിലേക്കയച്ചത്.

കേസിൽ ഇന്നലെ വിചാരണ തുടങ്ങി. രണ്ട് അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിച്ചെങ്കിലും രണ്ട് സാക്ഷികൾ ഹാജരായില്ല. പ്രായമായ ആളാണെന്നും വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും മജിസ്‌ട്രേട്ട് ആവശ്യപ്പെട്ടു. കുറ്റപത്രത്തിനെതിരെ എതിർവാദം ഉണ്ടോ യെന്ന ചോദ്യത്തിന് ഇല്ലെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചു. തുടർ വിചാരണ അടുത്തമാസം 4ന് നടക്കും.

കഴിഞ്ഞ തവണ ഹാജരാക്കിയപ്പോൾ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉയർത്തിയതിനാൽ ഇത്തവണ മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിൽ നിന്ന് പൊലീസ് തടഞ്ഞു. അതോടെ ഗ്രോ വാസു മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വാഹനത്തിൽ കയറ്റുന്നതിനിടെ ഗ്രോ വാസുവിന്റെ മുഖം പൊലീസിന്റെ തൊപ്പി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു.

വാറണ്ടിനെ തുടർന്ന് ജൂലായ് 29ന് കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ജാമ്യം അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ റിമാൻഡ് ചെയ്യുകയായിരുന്നു. സ്വന്തം ജാമ്യത്തിൽ വിട്ടെങ്കിലും രേഖകളിൽ ഒപ്പു വയ്ക്കാൻ തയ്യാറായിരുന്നില്ല.

94 വയസുള്ള ഗ്രോ വാസു ആദ്യകാല നക്‌സൽ പ്രവർത്തകരിൽ ഒരാളാണ്.