ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾക്ക് ദാരുണാന്ത്യം

Saturday 26 August 2023 12:53 AM IST

 അപകടം വയനാട്ടിൽ, അഞ്ചുപേർക്ക് പരിക്ക്

 തേയില നുള്ളി മടങ്ങുന്നതിനിടെ അപകടം

തലപ്പുഴ (വയനാട്): ഓണാഘോഷത്തിനിടെ നാടിനെ ദുഃഖത്തിലാഴ്ത്തി വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് തേയില തോട്ടത്തിൽ പണിയെടുക്കുന്ന ഒൻപത് സ്ത്രീ തൊഴിലാളികൾക്ക് ദാരുണാന്ത്യം. പരിക്കേറ്റ അഞ്ചുപേരിൽ രണ്ടുപേരുടെ നില ഗുരുതരം. ഡ്രൈവറടക്കം 14പേരാണ് ജീപ്പിലുണ്ടായിരുന്നത്. തേയില നുള്ളിയശേഷം ജീപ്പിൽ മടങ്ങുകയായിരുന്നു തൊഴിലാളികൾ.

ഇന്നലെ വൈകിട്ട് മൂന്നരയോടെ മാനന്തവാടി വാളാട് റോഡിൽ തവിഞ്ഞാൽ തലപ്പുഴയ്ക്കടുത്ത് കണ്ണോത്തുമല ജംഗ്ഷന് സമീപത്തായിരുന്നു ദുരന്തം.

ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ഡ്രൈവറുടെ മൊഴി.

നിയന്ത്രണം വിട്ട ജീപ്പ് 85 അടി താഴ്ചയുള്ള കൊക്കയിലെ പാറക്കൂട്ടത്തിനു മുകളിലേക്കാണ് വീണത്. ഇവിടെ ഇല്ലിമുളങ്കാടാണ് (ചെറിയ മുള). വൻമരങ്ങളും ഏറെയുണ്ട്. കൊക്കയിൽ നിന്ന് നോക്കിയാൽ റോഡ് കാണാനാവില്ല. ഏറെ സാഹസപ്പെട്ടാണ് ജീപ്പിലുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്.

ഡ്രൈവർ മണി (44) ഒഴികെ ജീപ്പിലുണ്ടായിരുന്നവരെല്ലാം തൊഴിലാളികളായിരുന്നു. മക്കിമല ആറാം നമ്പർ കോളനി സ്വദേശികളാണ് അപകടത്തിൽപ്പെട്ടവർ.

വലിയ പറമ്പിൽ റാണി (57 ), പദ്മനാഭന്റെ ഭാര്യ ശാന്ത (45), മക്കിമല ഏരിയാഭവനിൽ ചന്ദ്രന്റെ ഭാര്യ ചിന്നമ്മ (60), പൂളൻതൊടി സത്യന്റെ ഭാര്യ ലീല (60), പഞ്ചമിയിൽ ബാബുവിന്റെ ഭാര്യ ഷാജ (47), കാപ്പുങ്കൽ മമ്മുവിന്റെ ഭാര്യ റാബിയ (62), തെക്കേപ്പുറത്ത് വേലായുധന്റെ ഭാര്യ കാർത്യായനി (65), പൂക്കോട്ടിൽ ബാലന്റെ ഭാര്യ ശോഭന (55), പാടിയിൽ കാർത്തികേയന്റെ ഭാര്യ ചിത്ര (55) എന്നിവരാണ് മരിച്ചത്.

ചിന്നയ്യയുടെ ഭാര്യ ഉമാദേവി (40), സുബ്രഹ്മണ്യന്റെ ഭാര്യ ലത (38),പുട്ടരാജിന്റെ ഭാര്യ ജയന്തി (45), മണികണ്ഠന്റെ ഭാര്യ സുന്ദരി (മോഹന-38) ഡ്രൈവർ മണികണ്ഠൻ (44) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വയനാട് മെ‌ഡി. കോളേജിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ലത യെയും സുന്ദരിയെയും പിന്നീട്കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

അഞ്ചുവർഷമായി പ്രദേശത്തെ ചെറുതും വലുതുമായ തേയിലത്തോട്ടങ്ങളിൽ ഒരുമിച്ച് പണിയെടുക്കുന്നവരാണ് ഇവർ. വർഷങ്ങളായി ജീപ്പിലാണ് പോകുന്നത്.

വാഹനങ്ങളുടെ ടയറുകൾ നിരത്തി വലിയ വടം കെട്ടിയാണ് കൊക്കയിൽ നിന്ന് അപകടത്തിൽപെട്ടവരെ കരയ്ക്കെത്തിച്ചത്.

നാലുപേരെ മരിച്ച നിലയിലാണ് പുറത്തെടുത്തത്. മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജീപ്പ് ചിന്നിച്ചിതറിയ നിലയിലായിരുന്നു. പാറകളിലിടിച്ച് പലരുടേയും തല തകർന്നു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും വയനാട് മെഡി. കോളേജിൽ പരിക്കേറ്റവരെ സന്ദർശിച്ചു. വയനാട് ആർ.ടി.ഒ ഇ.മോഹൻദാസിന്റെ നേതൃത്വത്തിൽ അപകടസ്ഥലവും ജീപ്പും പരിശോധിച്ചു.

കൊടുംവളവ്

ചെങ്കുത്തായ ഇറക്കം

കൊടുംവളവും ചെങ്കുത്തായ ഇറക്കവുമുള്ള സ്ഥലത്തായിരുന്നു അപകടം. റോഡിന് സംരക്ഷണ ഭിത്തിയില്ല. റോഡിന് താരതമ്യേന വീതിയുണ്ടെങ്കിലും അപകടസാദ്ധ്യത ഏറെയാണ്. നീർച്ചാൽ ഒഴുകുന്ന പാറക്കൂട്ടങ്ങൾ നിറഞ്ഞ സ്ഥലത്തേക്കാണ് കെ.എൽ 11 ബി 5655 നമ്പർ ജീപ്പ് പതിച്ചത്. വർഷങ്ങളായി പ്രദേശത്ത് വാഹനം ഓടിക്കുന്നയാളാണ് ഡ്രൈവർ മണി.

10,000​ ​രൂ​പ​ ​വീ​തം അ​ടി​യ​ന്ത​ര​സ​ഹാ​യം

ക​ൽ​പ്പ​റ്റ​:​ ​ക​ണ്ണോ​ത്തു​മ​ല​യി​ൽ​ ​ജീ​പ്പ​പ​ക​ട​ത്തി​ൽ​ ​മ​രി​ച്ച​വ​രു​ടെ​ ​സം​സ്‌​കാ​ര​ ​ച​ട​ങ്ങു​ക​ൾ​ക്ക് ​അ​ടി​യ​ന്ത​ര​മാ​യി​ 10,000​ ​രൂ​പ​ ​വീ​തം​ ​അ​നു​വ​ദി​ക്കാ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ക്ക് ​മ​ന്ത്രി​ ​എ.​കെ.​ ​ശ​ശീ​ന്ദ്ര​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി. ഒ​മ്പ​ത് ​പേ​രു​ടെ​ ​മ​ര​ണ​ത്തി​നി​ട​യാ​യ​ ​സം​ഭ​വം​ ​വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്ന് ​മ​ന്ത്രി​ ​പ​റ​ഞ്ഞു.​ ​വ​യ​നാ​ട് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പ​രി​ക്കേ​റ്റ​വ​രെ​ ​സ​ന്ദ​ർ​ശി​ച്ച​ശേ​ഷം​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​മ​ന്ത്രി.