ഉത്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചു,​ എണ്ണ വില കൂടി

Sunday 27 August 2023 12:56 AM IST

റിയാദ്: മാസങ്ങൾക്ക് ശേഷം ആഗോള വിപണിയിൽ എണ്ണ വില വർദ്ധിച്ചു. എണ്ണ ഉത്പാദക രാജ്യങ്ങൾ ഉത്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെയാണ് വില കൂടിയത്. ക്രൂഡ് ഓയിൽ ബാരലിന് 86 ഡോളർ വരെയെത്തി. വിപണിയിൽ ക്രൂഡ് ഓയിലിന്റെ ലഭ്യതയിലും കുറവ് രേഖപ്പെടുത്തി. ബ്രെൻഡ് ക്രൂഡ് ഓയിലിന് 75 സെന്റ് ഉയർന്ന് ബാരലിന് 85.55 ഡോളർ വരെയെത്തി. ഇന്റർമീഡിയറ്റ് ക്രൂഡിന് 80 സെന്റ് ഉയർന്ന് ബാരലിന് 82.05 ഡോളറാണ് വില. ഉത്പാദക രാഷ്ട്രങ്ങളായ സൗദി അറേബ്യ, റഷ്യ എന്നിവിടങ്ങളിൽനിന്നുള്ള കയറ്റുമതിയിൽ കുറവ് വന്നതാണ് വിലവർദ്ധനയ്ക്ക് ഇടയാക്കിയത്. ഉത്പാദനവും കയറ്റുമതിയും വെട്ടിക്കുറച്ചതോടെ ആഗോള വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചു.

ഒപെക് കൂട്ടായ്മ രാഷ്ട്രങ്ങൾ വിലയിൽ വർദ്ധന വരുത്തിയതിനാൽ ചൈനീസ് കമ്പനികൾ സ്റ്റോക്കെടുക്കുന്നത് വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് സൗദിയിൽ നിന്നുൾപ്പെടെയുള്ള എണ്ണ കയറ്റുമതിയിൽ കുറവ് വരാൻ ഇടയാക്കി. ചൈനയിലേക്കുള്ള സൗദിയുടെ എണ്ണ കയറ്റുമതിയിൽ ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ 31 ശതമാനത്തിന്റെ കുറവുണ്ട്. അതേസമയം കുറഞ്ഞ വിലക്കുള്ള റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ചൈന തുടരുകയാണ്. റഷ്യ-ചൈന കരാർ നിലനിൽക്കുന്നതിനാലാണ് ഇത് സാധിക്കുന്നത്.

Advertisement
Advertisement