മോദി ഇന്ത്യയെ തന്നെ വിറ്റു തുലയ്ക്കുന്ന ദിവസം വരും: കോൺഗ്രസ്
ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്ര സർക്കാർ വിറ്റു തുലയ്ക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ ലോക്സഭാ കക്ഷി നേതാവ് ആദിർ രഞ്ജൻ ചൗധരിയാണ് ഇത്തരത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചത്. എയർ ഇന്ത്യയും ഇന്ത്യൻ റെയിൽവേയും ഇത്തരത്തിൽ വിറ്റഴിക്കുന്നുവെന്ന് ആരോപിച്ച ചൗധരി, ഇന്ത്യയെ മുഴുവനായി മോദി സർക്കാർ വിറ്റഴിക്കുന്ന കാലം വരുമെന്നും ലോക്സഭയിൽ പറഞ്ഞു.
'കേന്ദ്ര വ്യോമയാന മന്ത്രി എയർ ഇന്ത്യയെ വിൽക്കാനായി ഒരുങ്ങുകയാണ്. റെയിവേ മന്ത്രിയും ഇന്ത്യൻ റെയിൽവേയുടെ ആസ്തികൾ ഇത്തരത്തിൽ വിൽക്കാനായി തുടങ്ങുന്നു. ഇതേ രീതിയിൽ നരേന്ദ്ര മോദി ഒരുനാൾ ഇന്ത്യയെ തന്നെ വിറ്റു തുലയ്ക്കും.' ആദിർ രഞ്ജൻ ചൗധരി പാർലമെന്റിൽ പറഞ്ഞു.
എയർ ഇന്ത്യയും റെയിൽവേയും അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളിൽ വിദേശ നിക്ഷേപം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കാനുള്ള അനുമതി കഴിഞ്ഞ ദിവസം കേന്ദ്രം അദാനി ബിസിനസ് ഗ്രൂപ്പിന് നൽകിയിരുന്നു.