റേഷൻ കടകൾ ഇടവേളകളില്ലാതെ പ്രവർത്തിക്കും; കിറ്റ് വിതരണം നാളെയോട് കൂടി പൂർത്തിയാക്കുമെന്ന് മന്ത്രി ജി ആർ അനിൽ

Sunday 27 August 2023 7:26 PM IST

തിരുവനന്തപുരം: അർഹരായവർക്ക് നൽകാനുള്ള സൗജന്യ ഓണക്കിറ്റ് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളിലും ഇന്ന് ഉച്ചയോടെ പൂര്‍ണ്ണമായി എത്തിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ. ഇതുവരെ 2,10,000 കിറ്റുകള്‍ വിതരണം ചെയ്യു. ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും വിതരണം ചെയ്ത കിറ്റുകള്‍ക്ക് പുറമെയുള്ള കണക്കാണിതെന്നും അദ്ദേഹം വ്യക്തമാക്കി. കിറ്റ് വിതരണത്തിൽ വീഴ്ച സംഭവിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഉത്രാട തലേന്ന് പോലും അർഹരായവർക്ക് കിറ്റ് ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന ആരോപണത്തിനിടയിലാണ് മന്ത്രിയുടെ പ്രതികരണമെത്തിയത്.

എ.എ.വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ഉറപ്പുവരുത്താനായി നാളെ റേഷന്‍കടകള്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഓണക്കിറ്റ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഉച്ചയോടെ പൂര്‍ത്തിയാക്കി.

മറ്റുള്ള ജില്ലകളില്‍ ഇന്ന് വൈകുന്നേരത്തോടെ കിറ്റു വിതരണം പൂര്‍ത്തിയാക്കും. സംസ്ഥാനത്തെ 136 ആദിവാസി ഊരുകളില്‍ കിറ്റുകള്‍ എത്തിച്ചു നല്‍കി. നാളെയോടുകൂടി കിറ്റ് വിതരണം പൂര്‍ത്തിയാകുമെന്നും മന്ത്രി അറിയിച്ചു. കിറ്റ് കൈപ്പറ്റാനുള്ള റേഷന്‍ കാര്‍‍ഡുടമകള്‍ ഇന്നും നാളെയുമായി കിറ്റുകള്‍ കൈപ്പറ്റണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.