സച്ചിൻ സാവന്തിന് ഗുരുവായൂർ സന്ദർശിക്കാൻ സഹായം നൽകി, സമ്മാനം നൽകിയത് മകന്റെ പിറന്നാളിന് ; ഇഡി ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം
തൃശൂർ : ഐ.ആർ.എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്തതിൽ വിശദീകരണവുമായി നവ്യ നായരുടെ കുടുംബം. സച്ചിൻ സാവന്തുമായി ഒരേ റസിഡൻഷ്യൽ സൊസൈറ്റിയിലെ താമസക്കാർ എന്ന തരത്തിലസാണ് പരിചയമെന്നും ഗുരുവായൂർ ,സന്ദർശനത്തിന് വേണ്ടി സാവന്തിന് പലതവണ സൗകര്യം ചെയ്ത് കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. നവ്യയുടെ മകന് പിറന്നാൾ സമ്മാനം നൽകിയതല്ലാതെ മറ്റ് ഉപഹാരങ്ങൾ ഒന്നും നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു.. ഇക്കാര്യങ്ങൾ ഇ.ഡിയെയും അറിയിച്ചിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.
അനധികൃത സ്വത്ത് സമ്പാദനത്തിന് അറസ്റ്റിലായ ഐ ആർ എസ് ഉദ്യോഗസ്ഥന് നടിയുമായി അടുത്ത ബന്ധമാണെന്നാണ് ഇ ഡി ഉദ്യോഗസ്ഥരുടെ ആരോപണം. ഇതിന് പിന്നാലെ നവ്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. സച്ചിൻ സാവന്ത് നവ്യാ നായർക്ക് ആഭരണങ്ങൾ അടക്കം സമ്മാനിച്ചതായി കണ്ടെത്തിയെന്നും ഇഡി അറിയിച്ചിരുന്നു. എന്നാൽ, സുഹൃത്തുക്കൾ മാത്രമാണെന്നും അതിനപ്പുറം അടുപ്പം ഇല്ലെന്നും നടി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇഡി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ ഉള്ളത്. കേസിൽ അന്വേഷണം തുടരുകയാണ്.