മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ മണികുമാറിനെ പിൻവലിക്കും രാമചന്ദ്ര മേനോന് സാദ്ധ്യത
തിരുവനന്തപുരം: ഗവർണർ അതൃപ്തി പ്രകടിപ്പിച്ചതോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് മണികുമാറിന് പകരം മറ്റൊരാളെ സർക്കാർ ശുപാർശ ചെയ്തേക്കും. മലയാളിയും ചത്തീസ്ഗഡ് ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി.ആർ. രാമചന്ദ്ര മേനോനാണ് പരിഗണനയിൽ.
ജസ്റ്റിസ് മണികുമാറിനെ അദ്ധ്യക്ഷനാക്കാൻ ഓഗസ്റ്റ് 9ന് സർക്കാർ തീരുമാനിച്ചെങ്കിലും നിയമനം സംബന്ധിച്ച ഫയൽ ഇതുവരെ രാജ്ഭവനിലെത്തിച്ചിട്ടില്ല. ഗവർണറുടെ മനസറിയാൻ ചീഫ്സെക്രട്ടറി വി.വേണുവിനെ സർക്കാർ രാജ്ഭവനിൽ അയച്ചിരുന്നു. ചീഫ് ജസ്റ്റിസായിരിക്കുമ്പോൾതന്നെ മണികുമാറിനെ സർക്കാർ ഈ സ്ഥാനത്തേക്ക് പരിഗണിച്ചു തുടങ്ങിയതിലും വിരമിക്കുന്നതിനു തൊട്ടുമുമ്പ് കോവളത്തെ സ്വകാര്യ ഹോട്ടലിൽ അദ്ദേഹത്തിന് മുഖ്യമന്ത്രി യാത്രഅയപ്പ് നൽകിയതിലും ഗവർണർക്ക് അതൃപ്തിയുണ്ട്.
ഫയലിൽ ഒപ്പിടില്ലെന്ന് ഗവർണർ നിലപാടെടുത്തതായും സൂചനയുണ്ട്. അതിനാൽ മണികുമാറിനെക്കൊണ്ട് വിസമ്മതം എഴുതി വാങ്ങി വീണ്ടും കമ്മിറ്റി ചേർന്ന് മറ്റൊരാളെ ശുപാർശ ചെയ്യാനാണ് സർക്കാർ നീക്കം.
മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ മണികുമാറിന്റെ കാര്യത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. സതീശന്റെ വിയോജനക്കുറിപ്പ് സഹിതമേ ഫയൽ ഗവർണറുടെ അംഗീകാരത്തിന് അയയ്ക്കാനാവൂ.
നിഷ്പക്ഷവും നീതിയുക്തവുമായി മണികുമാർ പ്രവർത്തിക്കാൻ സാദ്ധ്യതയില്ല എന്നാണ് പ്രതിപക്ഷനേതാവിന്റെ കുറിപ്പിൽ പറയുന്നത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കി പരിഹരിക്കേണ്ട മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷ പദവിയിലെത്തുന്ന മണികുമാറിന് മലയാളം അറിയില്ലെന്നതും പോരായ്മയാണ്.
ഗവർണർക്കു മുന്നിൽ പരാതി
മണികുമാർ ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ നിർണായക കേസുകളിൽ സർക്കാരിനെ വഴിവിട്ട് സഹായിക്കുകയും, ചാൻസലർ എന്ന നിലയിൽ ഗവർണറുടെ ഉത്തരവുകൾക്ക് വിരുദ്ധമായി നിലപാടുകൾ കൈക്കൊള്ളുകയും ചെയ്തെന്ന് ആരോപണമുണ്ട്. ഇതിനു പാരിതോഷികമായാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനായി അദ്ദേഹത്തെ നിയമിക്കാൻ തീരുമാനിച്ചതെന്ന വി.ഡി.സതീശന്റെയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെയും പരാതികൾ ഗവർണറുടെ പരിഗണനയിലാണ്.