പുസ്തകങ്ങളെ കുറിച്ചൊരു പുസ്തകം, ഡോ.ജെയിംസ് മാത്യുവുമായി അഭിമുഖം
വിശ്വവിഖ്യാത എഴുത്തുകാർ കുത്തിക്കുറിച്ചതും എഴുതി മായ്ച്ച് കളഞ്ഞതും അടങ്ങിയ രേഖകൾ...അപൂർവങ്ങളായ പുസ്തകങ്ങളുടെ ആദ്യ കോപ്പികൾ..ചരിത്രഗ്രന്ഥങ്ങൾ.. 25 വർഷങ്ങളായി ഇവ ശേഖരിക്കുന്നതാണ് കാർഡിയോളജിസ്റ്റായ ഡോ.ജെയിംസ് മാത്യുവിന്റെ ഇഷ്ടവിനോദം. അമേരിക്കയിലെ മിൽവോക്കി പട്ടണത്തിലെ ആശുപത്രിയിൽ സ്റ്റെതസ്കോപ്പിലൂടെ രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കുമ്പോഴും മനസിനുള്ളിലെ ഈ ഇഷ്ടത്തെ മുറുകെപ്പിടിച്ചു. മകൾ ശാന്തി സമ്മാനിച്ചൊരു പുസ്തകമായിരുന്നു എല്ലാത്തിന്റെയും തുടക്കം. തന്റെ ശേഖരങ്ങളെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കി. ബുക്ക് ഒഫ് ബുക്ക്സ് എന്ന് പേരും ഇട്ടു. തിരുവനന്തപുരത്ത് നടന്ന പുസ്തകത്തിന്റെ ഇന്ത്യൻ പതിപ്പിന്റെ പ്രകാശനത്തിന് ശേഷം ഡോ.ജെയിംസ് മാത്യു കേരളകൗമുദിയോട് സംസാരിച്ചു.
ഡോക്ടർ കുപ്പായത്തിനുള്ളിലെ തത്വചിന്തകൻ?
എല്ലാ മനുഷ്യർക്കും തൊഴിലിനപ്പുറം ചില ഇഷ്ടങ്ങൾ കാണുമല്ലോ. ജോലി കുറേക്കൂടി മെച്ചപ്പെടുത്താനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത്തരം അഭിനിവേശങ്ങൾ സഹായിക്കും. ചെടികൾ നട്ടുവളർത്തുന്നതും തത്വചിന്താപരമായ പുസ്തകങ്ങൾ വായിക്കുന്നതുമാണ് എന്റെ ഇഷ്ടവിനോദങ്ങൾ. അല്പം കൂടി നല്ലൊരു ഡോക്ടർ ആവാനും വായന സഹായിച്ചിട്ടുണ്ട്.
എഴുത്തിന്റെയും വായനയുടെയും തുടക്കം?
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പഠനത്തിനിടെയാണ് ് വായന കൂടെ കൂടിയത്. ആ സമയത്താണ് അമേരിക്കൻ തത്വചിന്തകനായ ഹെൻറി ഡേവിഡ് തോറിയോയെ കുറിച്ച് കേൾക്കുന്നത്. ഒരിക്കൽ അമേരിക്കയിൽ സുഹൃത്തിന്റെ വീട് സന്ദർശിച്ചപ്പോൾ ഹെൻറിയുടെ 'വാൾഡെൺ"എന്ന പുസ്തകം കണ്ടു. അവിടെ ഇരുന്നാൽ ആരും വായിക്കില്ലെന്നും പുസ്തകം എടുത്തുകൊള്ളാനും സുഹൃത്ത് പറഞ്ഞു. അന്ന് തുടങ്ങിയ വായനയാണ്. ഇപ്പോഴും തുടരുന്നു.
ജെയിംസ് മാത്യുവിന് ശാന്തി മുതൽ ബുക്ക് ഒഫ് ബുക്ക്സ് വരെ?
1995ൽ എട്ട് വയസ് മാത്രം പ്രായം ഉണ്ടായിരുന്ന എന്റെ മകൾ ശാന്തി എനിക്ക് വേദപുസ്തകം സമ്മാനമായി നൽകി. ആ പുസ്തകത്തിൽ 'ജെയിംസ് മാത്യുവിന് ശാന്തി "എന്ന് പച്ച മഷിയിൽ എഴുതിയിരുന്നു. വല്ലാത്തൊരു അനുഭൂതിയായിരുന്നു അത് സമ്മാനിച്ചത്. ശേഖരം വളർന്നപ്പോൾ പാശ്ചാത്യ-പൗരസ്ത്യ വിനിമയം എന്ന പ്രമേയത്തിൽ ഒരു മഹാപുസ്തകം ലോകത്തിന് കാഴ്ചവയ്ക്കണമെന്ന ചിന്ത ഉടലെടുത്തു.അതാണ് ബുക്ക് ഒഫ് ബുക്ക്സ്. പുസ്തകം അച്ഛൻ ടി.ജി.മത്തായിയുടെ ജീവിതവുമായി കൂട്ടിയിണക്കാൻ തീരുമാനിച്ചു. മൂത്ത സഹോദരൻ റിട്ട. കോമ്മഡോർ രാജൻ മാത്യു അച്ഛന്റെ ജീവചരിത്രമെഴുതി. അതാണ് പുസ്തകത്തിന്റെ ആമുഖം. അതിപുരാതന തത്വചിന്തകരുടെ മുതൽ ഇന്ന് ജീവിച്ചിരിക്കുന്ന എഴുത്തുകാരുടെ വരെ കൈയെഴുത്തു പ്രതികളും രേഖകളും പുസ്തകത്തിൽ ഉണ്ട്. മഹാത്മാ ഗാന്ധിയുടെയും ടാഗോറിന്റെയും കുമാരനാശാന്റെയും ചരിത്രരേഖകൾ കൊണ്ട് സമ്പന്നമാണ് പുസ്തകം. സമയമാകുന്ന പ്രവാഹത്തിൽ നിന്ന് ശേഖരിച്ച പവിഴങ്ങളായാണ് അവയെ ഞാൻ കണക്കാക്കുന്നത്. 2021ൽ യൂറോപ്പിൽ ഹാർഡ് കവർ എഡിഷൻ പുറത്തിറക്കി.
അപൂർവ രേഖകളും പുസ്തകങ്ങളുടെ ആദ്യ പ്രതികളും ശേഖരിക്കുന്ന ശീലം?
പത്തൊൻപതാം നൂറ്റാണ്ടിലെ അതീന്ദ്രീയസിദ്ധാന്തത്തെ കുറിച്ച് വായിച്ചപ്പോൾ അതിനെ ഹിന്ദു ഗ്രന്ഥങ്ങളും ഇന്ത്യൻ സന്യാസിമാരും സ്വാധീനിച്ചിട്ടുണ്ടെന്ന് മനസിലാക്കി. പുരാതന ഇന്ത്യയിലെ എഴുത്തുകാരെയും പടിഞ്ഞാറൻ എഴുത്തുകാരെയും ബന്ധിപ്പിക്കുന്ന തരത്തിൽ ഒരു പ്രമേയം മനസിൽ ഉണ്ടായിരുന്നു. ഒരു സാംസ്കാരിക വിനിമയം അതിലൂടെ സാദ്ധ്യമാകുമെന്ന് വിശ്വസിച്ചിരുന്നു. ജീവിതയാത്രയിൽ എങ്ങനെയൊക്കെയോ ചരിത്രരേഖകളും കൈയെഴുത്ത് രേഖകളും ഒപ്പിട്ട ഫോട്ടോകളും ശേഖരിക്കുന്നത് ശീലമാക്കി. ഈ പ്രമേയത്തിൽ ഒരു പുസ്തകം എഴുതിയാൽ അത് വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നൊരു കണ്ണിയാകുമെന്ന് വിശ്വസിച്ചു. അതായിരുന്നു തുടക്കം.
തിരക്കുകൾക്കിടയിൽ സമയം?
ഇഷ്ടപ്പെട്ട് ചെയ്യുന്ന കാര്യങ്ങൾക്ക് സമയം കണ്ടെത്തുന്നത് ബുദ്ധിമുട്ടല്ല. ജോലി കഴിഞ്ഞ് വന്ന ശേഷം വായനയ്ക്ക് സമയം നീക്കി വയ്ക്കും. മകൾ ശാന്തി ന്യൂയോർക്കിലാണ് ജോലി ചെയ്യുന്നത്. അവൾ പൂർണപിന്തുണയാണ്.
വെല്ലുവിളികൾ നേരിട്ടിട്ടുണ്ടോ?
അങ്ങനെ തോന്നിയില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള അപൂർവശേഖരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ധാരാളം സൈറ്റുകളുണ്ട്. ലേലങ്ങളിലൂടെയും രേഖകൾ സ്വന്തമാക്കാറുണ്ട്. നമുക്ക് താത്പര്യം ഉണ്ടെന്നറിഞ്ഞാൻ പലരും തേടിയെത്തും. വർഷങ്ങളുടെ ആത്മബന്ധം കൊണ്ടും ചിലർ വിളിക്കാറുണ്ട്. ബുക്ക് ഒഫ് ബുക്ക്സിൽ എന്റെ കോ-ഓതറായ കെന്റ് ബിക്നേൽ അത്തരത്തിൽ ഒരാളാണ്. അപൂർവ രേഖകൾ ലഭിച്ചാൽ എനിക്ക് അവസരം തന്നിട്ട് മാത്രമേ പുറത്തെ ആവശ്യക്കാരെ തിരക്കു.
അടൂർ ഗോപാലകൃഷ്ണനുമായുള്ള സൗഹൃദം?
എന്റെ പുസ്തകത്തിന് ഒരു ഇന്ത്യൻ വേർഷൻ എഴുതണമെന്ന് ഉപദേശിച്ച രണ്ട് പേരിൽ ഒരാൾ അടൂരായിരുന്നു. മറ്റൊരാൾ ദൂരദർശൻ മുൻ അഡിഷണൽ ഡയറക്ടർ ജനറൽ കെ.കുഞ്ഞികൃഷ്ണനായിരുന്നു. 15 വർഷം മുമ്പ് അടൂർ അമേരിക്കയിൽ ഒരു സുഹൃത്തിന്റെ വീട് സന്ദർശിക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ബന്ധു തുളസി മെഡിക്കൽ കോളേജിൽ എന്റെ സഹപാഠിയായിരുന്നു. തുളസി വഴി അടൂരിനെ കാണാൻ അവസരം ലഭിച്ചു. ഒരു മണിക്കൂർ സംസാരിക്കാനായിരുന്നു ഉദ്ദേശ്യം. എന്നാൽ ആ സംഭാഷണം മൂന്ന് മണിക്കൂർ നീണ്ടു. ക്രമേണ സൗഹൃദവും വളർന്നു. തിരുവനന്തപുരത്ത് ബുക്ക് ഒഫ് ബുക്ക്സിന്റെ ഇന്ത്യൻ എഡിഷന്റെ പ്രകാശനത്തിന് എത്തിയപ്പോൾ ആതിഥേയത്വം നൽകിയതും അദ്ദേഹമായിരുന്നു.
ശേഖരങ്ങൾക്കായി എത്ര രൂപ ചെലവഴിച്ചു?
കണക്ക് സൂക്ഷിച്ചിട്ടില്ല. ഒരു രേഖ പോലും ഞാൻ വിറ്റിട്ടില്ല. ഓരോന്നും വിലമതിക്കാനാവാത്തവയാണ്. പ്രിന്റ് ചെയ്ത പുസ്തകങ്ങളേക്കാൾ എഴുത്തുകാരുമായുള്ള ഹൃദയ ബന്ധം കൈയെഴുത്ത് രേഖകളിലൂടെ ലഭിക്കും. എഴുത്തുകാർക്ക് സംഭവിച്ച ചെറിയ കൈപ്പിഴകൾ, പടർന്ന മഷി, എഴുതിയത് മായ്ച്ചത്, വീണ്ടും കൂട്ടിച്ചേർത്തത്, മാർജിനിൽ എഴുതിയത് ഇവയ്ക്കെല്ലാം പകരം വയ്ക്കാനാവത്ത ഒരു അനുഭൂതി തരാനാകും.
കൂട്ടത്തിൽ ഏറ്റവും അമൂല്യമായി കണക്കാക്കുന്നത്?
അമേരിക്കയിൽ വച്ച് ഹെൻറി ഡേവിഡ് തോറിയോയുടെ ആദ്യ പുസ്തകത്തിന്റെ ആദ്യ എഡിഷൻ ലഭിച്ചു. അദ്ദേഹം അത് പബ്ലിഷറിന് അയച്ചു കൊടുത്ത ശേഷം രണ്ട് ഖണ്ഡികയ്ക്ക് ഇടയിൽ കുറച്ച് സ്ഥലം വിടാൻ നിർദ്ദേശിച്ചിരുന്നു. പബ്ലിഷർ ആവട്ടെ , അതിലെ മൂന്ന് വരി എടുത്തു കളഞ്ഞു.വളരെ പ്രധാനപ്പെട്ട ആ വരികൾ പോയതോർത്ത് ഹെൻറിയ്ക്ക് സങ്കടവും ദേഷ്യവും വന്നു കാണണം. ആ ഭാഗം അദ്ദേഹം പെൻസിൽ കൊണ്ട് വീണ്ടും എഴുതിച്ചേർത്തു. ലോകത്തിൽ ആകെ പത്ത് കോപ്പികൾ മാത്രം വരുന്ന ആധികാരികമായ കോപ്പികളിൽ ഒന്ന് എന്റെ കൈവശമുണ്ട്. റാൾഫ് വാൾഡോ എമേഴ്സന്റെ കൈപ്പടയിൽ എഴുതിയ ബ്രഹ്മ എന്ന കവിതയും അപൂർവ ശേഖരത്തിലുണ്ട്. ആളുകൾ ഇന്നും അദ്ഭുതത്തോടെ നോക്കിക്കാണുന്ന കവിതയാണത്. മോഹിനി ചാറ്റർജി നടത്തിയ ഭഗവത് ഗീതയുടെ ആദ്യ ഇംഗ്ലീഷ് തർജ്ജമയും ശേഖരത്തിലുള്ള അമൂല്യ നിധിയാണ്.
ബുക്ക് ഒഫ് ബുക്ക്സിന്റെ മലയാളം തർജ്ജമ ?
കഴിവുള്ള ചിലർ സമീപിക്കുന്നുണ്ട്. ഒരു പുസ്തകം തർജ്ജമ ചെയ്യുന്ന അത്രയും എളുപ്പമല്ലല്ലോ പല പല ഭൂഖണ്ഡങ്ങളിൽ നിന്ന് ശേഖരിച്ച നിധികൾ ഉൾക്കൊള്ളുന്ന ഇത്തരമൊരു പുസ്തകം തർജ്ജമ ചെയ്യുന്നത്. കൃത്യമായൊരു പദ്ധതിയൊന്നും മനസിലില്ല. എങ്കിലും മലയാളത്തിൽ മാത്രമല്ല മറ്റ് പ്രാദേശിക ഭാഷകളിലേക്കും ഉള്ള തർജ്ജമ ഭാവിയിൽ നടക്കുമെന്നാണ് പ്രതീക്ഷ.