പരാതിയുണ്ടെങ്കിൽ ഇനി പൊലീസ് സ്റ്റേഷന്റെ പടിക്കലെത്തേണ്ട; വീട്ടിലിരുന്ന് ഉപയോഗിക്കാവുന്ന സംവിധാനം പരിചയപ്പെടുത്തി കേരള പൊലീസ്

Friday 01 September 2023 6:58 PM IST

തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലെത്താതെ തന്നെ പരാതി നൽകാനുള്ള സംവിധാനം പൊതുജനം ഉപയോഗപ്പെടുത്തണമെന്ന് കേരള പൊലീസ്. ഔദ്യോഗിക ആപ്ളിക്കേഷനായ പോൽ ആപ്പ് വഴിയോ തുണ പോർട്ടൽ വഴിയോ ആണ് പരാതിപ്പെടേണ്ടത്. പൊലീസ് സ്റ്റേഷൻ മുതൽ ഡിജിപി ഓഫീസ് വരെ ഈ സേവനം ഉപയോഗിച്ച് പരാതി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി പരാതി സമർപ്പിക്കേണ്ട രീതിയെക്കുറിച്ചും കേരള പൊലീസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ വിശദീകരിക്കുന്നു.

പരാതി സമർപ്പിക്കേണ്ട രീതി

പോൽ ആപ്പ് ഇൻസ്റ്റാൾ ചെയ്‌തതിനുശേഷം മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ഇതിനായി പരാതിക്കാരന്റെ പേര്, വയസ്, മൊബൈൽ നമ്പർ, ആധാർ നമ്പർ, പൂർണ മേൽവിലാസം എന്നിവ ആദ്യഘട്ടത്തിൽ നൽകണം. തുടർന്ന് പരാതിക്ക് ആധാരമായ സംഭവം നടന്ന സ്ഥലം, തീയതി, പരാതിയുടെ ലഘുവിവരണം എന്നിവ രേഖപ്പെടുത്തി പോലീസ് സ്റ്റേഷൻ പരിധി, ഏത് ഓഫീസിലേക്കാണോ പരാതി അയയ്ക്കുന്നത് എന്നിവ സെലക്ട് ചെയ്ത് നൽകിയശേഷം അനുബന്ധമായി രേഖകൾ നല്കാനുണ്ടെങ്കിൽ അതുകൂടി അപ്‌ലോഡ് ചെയ്യാവുന്നതാണ്.

അടുത്തതായി, ആർക്കെതിരെയാണോ പരാതി നൽകുന്നത് (എതിർകക്ഷി അല്ലെങ്കിൽ സംശയിക്കുന്ന ആളുടെ) വിവരങ്ങൾ കൂടി നൽകി പരാതി സബ്മിറ്റ് ചെയ്യാവുന്നതാണ്. പോലീസ് സ്റ്റേഷൻ മുതൽ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നൽകുവാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

പരാതി നല്കിയതിനുള്ള രസീത് പരാതിക്കാരന് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. സമർപ്പിച്ച പരാതിയുടെ നിലയും സ്വീകരിച്ച നടപടികളും പരിശോധിക്കാനും ഇതിലൂടെ കഴിയും.

പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്keralapolice&fbclid