ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ആന ചരിഞ്ഞു

Friday 12 July 2019 1:26 AM IST

സുൽത്താൻ ബത്തേരി: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. മുത്തങ്ങ പൊൻകുഴിയിൽ നിന്നും വനത്തിൽ ഒരു കിലോമീറ്ററോളം അകലെ കൗണ്ടൻവയൽ ഭാഗത്താണ് 25 വയസു പ്രായം വരുന്ന പിടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ വാച്ചർമാരാണ് ആനയെ കണ്ടെത്തിയത്.
ആന്തരിക രക്തസ്രാവമായിരിക്കാം ചരിയാൻ കാരണമെന്നാണ് കരുതുന്നതെന്ന് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയുള്ള അസി.ഫോറസ്റ്റ് കൺസർവേറ്റർ അജിത് കെ.രാമൻ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ കാരണം വ്യക്തമാവുകയുള്ളു. ഡോ. അരുണിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ എട്ടോടെ പോസ്റ്റ്‌മോർട്ടം നടത്തും.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് മൈസൂരിൽ നിന്നും വരികയായിരുന്ന ചരക്കുലോറി തട്ടി ആനക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ ആന ഒരു മണിക്കൂറോളം റോഡിൽ കടന്നു. പിന്നീട് നിരങ്ങിയാണ് മറ്റു ആനകളോടൊപ്പം വനത്തിലേക്ക് പോയത്. സ്ഥലത്തെത്തിയ വനപാലക സംഘത്തിന്റെ മേൽനോട്ടത്തിൽ ഡോ.അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച് ആനയെ മയക്കിയതിനുശേഷം ചികിത്സ നടത്തുകയും ചെയ്തു. ആന തീറ്റയും എടുത്തിരുന്നു. അതിനിടെയാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.