ശബരിമല: അരവണ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്രം
ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനി സാന്നിദ്ധ്യമുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്ന് ആരോപണമുയർന്നതിനെ തുടർന്ന് വിതരണം ചെയ്യാതെ മാറ്റിവച്ച ആറരലക്ഷത്തിലേറെ ടിൻ അരവണ ഭക്ഷ്യയോഗ്യമാണെന്ന് പരിശോധനാറിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവും, ഭക്ഷ്യസുരക്ഷാ അതോറിട്ടിയും സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭക്ഷ്യസുരക്ഷാ അതോറിട്ടി ജോയിന്റ് ഡയറക്ടർ കെ. ബാലസുബ്രഹ്മണ്യനാണ് തിരുവനന്തപുരത്തെ ഗവ. അനാലിസിസ് ലാബിലെ പരിശോധനാ റിപ്പോർട്ട് അടക്കം സമർപ്പിച്ചത്.
സുപ്രീംകോടതി നിർദ്ദേശത്തെത്തുടർന്ന് എട്ട് ബാച്ച് അരവണയിലെ 16 സാമ്പിളുകളാണ് പരിശോധിച്ചത്. കീടനാശിനിയുടെ ചെറിയ സാന്നിദ്ധ്യമുണ്ടെങ്കിലും അത് തൃപ്തികരമാണ്. അരവണ ഭക്ഷ്യയോഗ്യമാണെന്നും പരിശോധനാറിപ്പോർട്ടിൽ പറയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആവശ്യത്തെ തുടർന്നാണ് അരവണയുടെ ഗുണനിലവാരം പരിശോധിക്കാൻ മേയ് 15ന് ഭക്ഷ്യസുരക്ഷാ അതോറിട്ടിക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയത്.
റിപ്പോർട്ട് സ്വാഗതം ചെയ്ത് ബോർഡ്
ശബരിമലയിലെ അരവണ സാമ്പിളുകൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്താനായില്ലെന്ന് ഭക്ഷ്യസുരക്ഷാ നിലവാര അതോറിട്ടി സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകിയതിനെ സ്വാഗതം ചെയ്ത് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ. ഇതുസംബന്ധിച്ച തുടർ നടപടികൾ സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരം തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കീടനാശിനി സാന്നിദ്ധ്യമുള്ള ഏലയ്ക്ക ഉപയോഗിച്ച് തയ്യാറാക്കിയെന്ന് കണ്ടെത്തി മാറ്റി വച്ച 6.65 ലക്ഷം ടിൻ അരവണ ഇനി എന്തു ചെയ്യാനാകുമെന്ന കാര്യത്തിൽകോടതിയുടെ അഭിപ്രായം തേടും.. അരവണ മാറ്റിവച്ചതിലൂടെ ഏഴ് കോടിയുടെ നഷ്ടമാണ് ബോർഡ് കണക്കാക്കുന്നത്. ഈ നഷ്ടം ആരിൽ നിന്ന് ഈടാക്കണമെന്നതും കോടതിയുടെ പരിഗണനയിലായതിനാൽ ബോർഡിന് മാത്രമായി തീരുമാനം എടുക്കാനാവില്ല.. ശബരിമലയിൽ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കൾ തിരുവനന്തപുരത്തേയോ പമ്പയിലേയോ ലബോറട്ടറികളിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കൊല്ലത്തെ ശബരിമല തീർത്ഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. ലേലങ്ങളും പുരോഗമിക്കുന്നു. ഹിൽടോപ്പിൽ നിന്ന് സന്നിധാനത്തേക്ക് നിർമ്മിക്കുന്ന റോപ്പ് വേയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്. സാങ്കേതിക പരിശോധനകൾ കൂടി പൂർത്തിയാക്കിയാൽ മറ്റ് നടപടികളിലേക്ക് നീങ്ങും. .