 ഹർഷീനയുടെ വയറ്റിൽ കത്രിക -- രണ്ട് ഡോക്ടർമാരും രണ്ട് നഴ്‌സുമാരും പ്രതികൾ

Saturday 02 September 2023 12:00 AM IST

 പ്രതിപ്പട്ടിക കോടതിയിൽ സമർപ്പിച്ചു

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ഹർഷീന നടത്തുന്ന സമരം 103 ദിവസം പിന്നിടുമ്പോൾ നിർണ്ണായക നീക്കവുമായി പൊലീസ്. രണ്ട് ഡോക്ടർമാരേയും രണ്ട് നഴ്‌സുമാരേയും പ്രതി ചേർത്തുകൊണ്ടുള്ള പുതുക്കിയ പ്രതിപ്പട്ടിക പൊലീസ് കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയ നടത്തിയ, ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ അസി. പ്രൊഫസറായ ഡോ.സി.കെ. രമേശനാണ് കേസിൽ ഒന്നാം പ്രതി. കോട്ടയം സ്വകാര്യ ആശുപത്രിയിലെ ഡോ.ഷഹന.എം രണ്ടാം പ്രതിയും കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിലെ നഴ്‌സുമാരായ രഹന, മഞ്ജു.കെ.ജി എന്നിവരെ മൂന്നും നാലും പ്രതികളാക്കിയാണ് അന്വേഷണോദ്യോഗസ്ഥൻ അസി. കമ്മിഷണർ കെ.സുദർശൻ പ്രതിപ്പട്ടിക സമർപ്പിച്ചിരിക്കുന്നത്. ഹർഷീനയുടെ പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച് മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കൽ നെഗ്ലിജെൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഡോക്ടർമാരുൾപ്പെടെയുള്ളവരെ വിചാരണ ചെയ്യാനുള്ള അനുമതിക്കായി അന്വേഷണ സംഘം ഉടൻ സർക്കാരിന് അപേക്ഷ നൽകും. ഇതിനു ശേഷം അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് തീരുമാനം. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് പൊലീസ്. പ്രതികളായ നാലു പേരേയും നേരത്തെ ചോദ്യം ചെയ്തിരുന്നു.

ഇനി കനിയേണ്ടത്

സർക്കാർ: ഹർഷീന

രണ്ട് ഡോക്ടർമാരടക്കം നാലുപേരെ പ്രതിയാക്കി റിപ്പോർട്ട് സമർപ്പിച്ച പൊലീസ് നടപടി നീതിയുടെ വിജയമാണെന്ന് ഹർഷീന സമരപ്പന്തലിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. വൈകിയാണെങ്കിലും നീതികിട്ടിയതിൽ പൊലീസിനോട് അങ്ങേയറ്റം കടപ്പാടുണ്ട്. ഇനി കനിയേണ്ടത് സർക്കാരാണ്. ആരോഗ്യപരമായ ഒരുപാട് പ്രശ്‌നങ്ങളുമായാണ് 103 ദിവസമായി മെഡിക്കൽകോളേജിന് മുമ്പിൽ സമരമിരിക്കുന്നത്. തനിക്കൊപ്പമാണെന്ന് പറയുന്ന ആരോഗ്യമന്ത്രിയിലാണ് ഇനിയുള്ള പ്രതീക്ഷ. കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്ന് ആവർത്തിക്കുമ്പോഴും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മന്ത്രി തയ്യാറാവാത്തത് വലിയ സങ്കടമാണുണ്ടാക്കുന്നതെന്നും ഹർഷീന വ്യക്തമാക്കി.