നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: ജുഡീഷ്യൽ അന്വേഷണം പോര, സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി തോമസ്
തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. രാജ്‍കുമാറിന്റെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും റിമാന്റ് നടപടികൾ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമഗ്ര അന്വേഷണം നടത്താൻ ജുഡിഷ്യൽ കമ്മിഷന് കഴിയില്ലെന്നും പി.ടി തോമസ് പ്രതികരിച്ചു. യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഇടുക്കി മുൻ എസ്‍.പി കെ ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കസ്റ്റഡിമരണം പുറത്തുവന്നതിന്റെ ആദ്യ ദിനങ്ങളിൽ നിയമസഭയിലാണ് പ്രതിപക്ഷം ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം ഉയർത്തിയത്. ഇതിന് ശേഷമാണ് ജയിലും ജുഡീഷ്യറിയും അടക്കം വിവിധ സർക്കാർ വകുപ്പുകളുടെ പങ്ക് വ്യക്തമാകുന്നത്. കൂടുതൽ ഗൗരവമുള്ള അന്വേഷണം ആവശ്യമാണ് എന്നാണ് ഇത് തെളിയിക്കുന്നത്- പി.ടി തോമസ് പറഞ്ഞു. ഏറ്റവും പ്രധാന തെളിവ് കണ്ടെത്തേണ്ട പോസ്റ്റുമോർട്ടത്തിലെ പാളിച്ച അതീവ ഗൗരവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടരുകയാണ്. കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ ഒരാഴ്ചക്കകം സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി സൊമിനിക് അറിയിച്ചിരുന്നു. തെളിവെടുപ്പിന്റെ ഭാഗമായി കമ്മിഷൻ അദ്ധ്യക്ഷൻ പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ചു. രാജ്കുമാറിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ തുടങ്ങി നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കമ്മീഷൻ ശേഖരിച്ചു. പീരുമേട് ജയിലിൽ തടവുകാരുമായി കമ്മിഷൻ ആശയവിനിമയം നടത്തി. രാജ്കുമാറിന്റെ ഭാര്യ വിജയ നൽകിയ പരാതി കമ്മിഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.