ഓണാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘത്തിന്റെ കാറ് ട്രക്കുമായി കൂട്ടിയിടിച്ചു; ബഹ്റൈനിൽ മലയാളികൾ ഉൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം
Saturday 02 September 2023 11:46 AM IST
മനാമ: ബഹ്റെെനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് നാലു മലാളികൾ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചുപേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി പി മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗെെദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമത്തെയാൾ.
ഇന്നലെ രാത്രി 10 മണിയോടെ ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. സൽമാബാദിൽ നിന്ന് മുഹറഖിലേയ്ക്ക് പോകുമ്പോഴാണ് അപകടം നടന്നത്. മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷപരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘം. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്.