കോൺഗ്രസുകാർ പ്ലാവില കാണിച്ചാൽ പോകുന്ന ആടുകൾ, തൽക്കാലം "ഡാഷ്" എന്നു വിളിക്കുന്നു: തുറന്നടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെയാണ് കോൺഗ്രസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലു വാരികളായ കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസുകാരെ വിശ്വസിക്കാൻ പറ്റില്ലെന്ന് സി.പി.എം പണ്ടേ പറയുന്നതാണെന്നും അതിനുള്ള തെളിവാണിപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴാണ് കോൺഗ്രസുകാർ പാർട്ടി മാറിപ്പോവുക എന്ന് പറയാൻ പറ്റില്ലെന്നും ബി.ജെ.പി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
''പ്ലാവില കാണിച്ചാൽ നാക്ക് നീട്ടിപ്പോകുന്ന ആട്ടിൻകുട്ടിയെപ്പോലെ കുറേ ... പറയാൻ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തൽക്കാലം ഡാഷ് എന്ന് കണക്കാക്കിയാൽ മതി'' .ബി.ജെ.പിയിലേക്ക് പോയ കോൺഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കോൺഗ്രസിന്റെ അപചയത്തിൽ സഹതാപമുണ്ടെന്നും നേതൃത്വം പോലുമില്ലാതെ അനാഥാവസ്ഥയിലാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ഇത്തരത്തിൽ ഒരു സങ്കീർണാവസ്ഥയിൽ നിൽക്കുമ്പോൾ, കോൺഗ്രസിനെപ്പോലൊരു പാർട്ടി അനാഥാവസ്ഥയിലെത്താൻ പാടുണ്ടോ? വലിയ വിജയങ്ങൾ നേടുമ്പോൾ മാത്രമാണോ നേതൃത്വം വേണ്ടതെന്ന് രാഹുൽ ഗാന്ധിയുടെ രാജി പരാമർശിച്ച് പിണറായി പറഞ്ഞു. പ്രതിസന്ധികൾ ഉയർന്നുവരുമ്പോൾ അതിനെ നേരിടുന്നതിനും നേതൃത്വം കൊടുക്കാൻ കഴിയണമെന്നും ജനാധിപത്യം കനത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ ബി.ജെ.പിക്ക് ആളെ കൂട്ടിക്കൊടുക്കുന്നവരായി കോൺഗ്രസ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ബജറ്റിൽ കേരളത്തെ എൻ.ഡി.എ. സർക്കാർ അവഗണിച്ചെന്നും പിണറായി ആരോപിച്ചു. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കേന്ദ്ര ബജറ്റിൽ ഒരു പൈസ മാറ്റി വച്ചില്ല. കേരളത്തിന് സ്വന്തമായി എയിംസ് വേണമെന്നത് വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ്. എല്ലാ മേഖലകളിലും കേരളത്തിന് അവഗണന മാത്രമാണെന്നും അർഹമായ സഹായം കേരളത്തിന് കേന്ദ്രസർക്കാരിൽ നിന്ന് കിട്ടിയേ തീരൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.