ആഗസ്റ്റിൽ മികച്ച വില്പന നേട്ടവുമായി ഹ്യുണ്ടായ്
ന്യൂഡൽഹി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ആഗസ്റ്റിൽ 71,435 യൂണിറ്റുകൾ വില്പന നടത്തി. മൊത്തം വില്പനയിൽ 53,830 യൂണിറ്റുകളുടെ ആഭ്യന്തര വില്പനയും 17,605 യൂണിറ്റുകളുടെ കയറ്റുമതിയുമാണ്. കഴിഞ്ഞ വർഷത്തേക്കാൾ മൊത്തം വില്പനയിൽ 14.82 ശതമാനം വർദ്ധനവാണ് ഉണ്ടായത്. 2022 ആഗസ്റ്റിൽ 62,210 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ആഭ്യന്തര വില്പന കഴിഞ്ഞ വർഷം 49,510 യൂണിറ്റും, കയറ്റുമതി 12,700 യൂണിറ്റുമായിരുന്നു. ഈവർഷം ആഭ്യന്തര വില്പനയിൽ 8.72 ശതമാനവും കയറ്റുമതിയിൽ 38.62 ശതമാനവും വർദ്ധനവ് ഉണ്ടായി. ഓണത്തോടനുബന്ധിച്ച് കേരളത്തിൽ കഴിഞ്ഞമാസത്തെ വില്പനയിൽ വൻ വർദ്ദനവുണ്ടായെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് സി.ഒ.ഒ തരുൺ ഗാർഗ് പറഞ്ഞു. എസ്.യു.വി.കൾക്കാണ് കൂടുതൽ ഡിമാൻഡ്. വില്പനയിൽ 60 ശതമാനവും ഈ വിഭാഗത്തിലെ കാറുകളായിരുന്നു. ഹ്യുണ്ടായ് പുതുതായി ഇറക്കിയ എക്സ്റ്ററിന് ഇതിനകം 65,000 ബുക്കിംഗുകൾ ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ഹ്യുണ്ടായിയുടെ നിരയിലെ ഏറ്റവും ചെറിയ എസ്.യു.വിയാണ് എക്‌സ്‌റ്റർ. വിലക്കുറവും സ്റ്റൈലിഷ് ലുക്കും മികച്ച ഫീച്ചറുകളുമാണ് എക്സ്റ്ററിന് ഡിമാൻഡ് കൂടാൻ കാരണം. 5.99 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. ഗ്രാൻഡ് ഐ.ടണിന്റെ അതേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് എക്‌സ്‌റ്ററും. അതേ എഞ്ചിൻ ഓപ്ഷനുകളും ഗിയർബോക്‌സ് കോമ്പിനേഷനുമാണ് ഇതിന്. എക്‌സ്‌റ്ററിന് പുറമെ വെന്യു, ക്രെറ്റ, അൽകസാർ, ട്യൂസോൺ എന്നിവയും മികച്ച വില്പന കൈവരിക്കുന്നുണ്ട്.