ശബരിഗിരിയിലേത് അതിതീവ്ര മഴ

Sunday 03 September 2023 12:30 AM IST

പത്തനംതിട്ട: വെളളിയാഴ്ച രാത്രി ശബരിഗിരി ജലവൈദ്യുതപദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിൽ ഒറ്റ രാത്രിക്കൊണ്ട് 22.5 സെന്റിമീറ്റർ മഴയാണ് പെയ്തത്. ഇന്നലെ പുലർച്ചയോടെ മഴയുടെ ശക്തി കുറഞ്ഞു. മഴ ശക്തമായതിനെ തുടർന്ന് ഡാമുകളിലേക്കുള്ള നീരൊഴുക്ക് കൂടിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി അധികൃതർ അറി​യി​ച്ചു. വെള്ളിയാഴ്ച രാത്രി മുപ്പത് സെന്റിമീറ്റർ വീതം ഉയർത്തിയ മൂഴിയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഇന്നലെ പുലർച്ചെ ഒരുമണിയോടെ താഴ്ത്തി. അതേസമയം,കിഴക്കൻ മേഖലയിലെ മഴ ആറൻമുള വള്ളംകളിക്ക് പ്രയോജനപ്പെട്ടു. കനത്തമഴയെ തുടർന്ന് മൂഴിയാർ,കക്കി,ആനത്തോട്,കൊച്ചുപമ്പ ഡാമുകളിലേക്ക് നീരൊഴുക്ക് കൂടി. ശബരിഗിരി ഡാമുകളിൽ ജലനിരപ്പ് ഒരു ശതമാനത്തിനടുത്ത് വർദ്ധിച്ചു.

 മണ്ണിടിച്ചിൽ, ഗവി ഒറ്റപ്പെട്ടു

വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് ഗവിയിലേക്കുള്ള യാത്ര തടസപ്പെട്ടു. കക്കിക്കും ആനത്തോടിനും ഇടയ്ക്ക് മൂന്നിടത്ത് മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ ഒടിഞ്ഞു വീണിട്ടുമുണ്ട്. മണ്ണുനീക്കം ചെയ്യുന്ന ജോലികൾ ഇന്നലെ ആരംഭിച്ചു. ഗവിയിലേക്കുള്ള ടൂറിസം പാക്കേജ്, ഒാർഡിനറി സർവീസുകൾ നാളെവരെ നിറുത്തിവച്ചതായി കെ.എസ്.ആർ.ടി.സി അറിയിച്ചു.