ആർ.ശങ്കർ ട്രോഫിക്ക് ഇത്തവണയും അവഗണന

Sunday 03 September 2023 12:34 AM IST

ആറൻമുള : ആറൻമുള വള്ളംകളിയിലെ ഏറ്റവും വിലപിടിപ്പുള്ള ആർ.ശങ്കർ ട്രോഫിയോട് മത്സര വേദിയിൽ കടുത്ത അവഗണന. പാരമ്പര്യരീതിയിൽ തുഴഞ്ഞെത്തുന്ന പള്ളിയോടത്തിന് എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ ട്രോഫി 25 പവൻ സ്വർണം പൊതിഞ്ഞതാണ്. ഇത്തവണ എ ബാച്ചിൽ നിന്ന് കീഴുകരയും ബി ബാച്ചിൽ നിന്ന് തൈമറവുംകരയും മികച്ച തുഴച്ചിലുമായി മുന്നിലെത്തിയിരുന്നു. കീഴുകരയെ വിജയിയായി പ്രഖ്യാപിച്ചെങ്കിലും സംഘാടകർ ആർ.ശങ്കർ ട്രോഫി സമ്മാനിക്കുകയോ, ട്രോഫിയെപ്പറ്റി വേദിയിൽ പറയുകയോ ചെയ്തില്ല. സത്രക്കടവിലെ പ്രധാനവേദിയിൽ ട്രോഫിക്ക് അർഹമായ സ്ഥാനം നൽകിയതുമില്ല. സ്വർണത്തിളക്കമുള്ള ശങ്കർ ട്രോഫി മുൻ വർഷങ്ങളിലും ജലോത്സവത്തിൽ സമ്മാനദാന ചടങ്ങിന്റെ അവസാനമാണ് നൽകിവന്നിരുന്നത്. ഇക്കുറി സംഘാടകർ എല്ലാ സമ്മാനവും നൽകി കൃതജ്ഞതയും ദേശീയഗാനവും പാടി പരിപാടി അവസാനിപ്പിച്ചപ്പോഴും വേദിയുടെ ഒരു ഭാഗത്ത് ആരും ശ്രദ്ധിക്കപ്പെടാതെ സുവർണ ട്രോഫി ഇരുപ്പുണ്ടായിരുന്നു. ട്രോഫി നൽകാതിരുന്നത് സമ്മാനാർഹർ വേദിയിൽ എത്താതിരുന്നതുകൊണ്ടാണെന്ന് പള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥിപിള്ള പറഞ്ഞു. ആർ.ശങ്കർ സുവർണട്രോഫി നൽകാതിരുന്ന സംഘാടകരുടെ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.