ആനന്ദക്കാഴ്ചയായി ജലഘോഷയാത്ര

Sunday 03 September 2023 12:49 AM IST

ആറൻമുള : ഭക്തിയും പാരമ്പര്യവും അനുഷ്ഠാനവും സമന്വയിപ്പിച്ച ജലഘോഷയാത്ര പമ്പയിൽ ആനന്ദക്കാഴ്ചയായി. മുത്തുക്കുട ചൂടി ആടയാഭരണങ്ങൾ അണിഞ്ഞ് കൊടികളുയർത്തി 51 പള്ളിയോടങ്ങളാണ് ഇന്നലെ ഉച്ചയ്ക്ക് സത്രക്കടവിൽ അണിനിരന്നത്. പമ്പാനദിയുടെ ഇടക്കുളം മുതൽ ചെന്നിത്തല വരെയുള്ള കരകളിൽ നിന്നുള്ള പള്ളിയോടങ്ങളിലെ തുഴച്ചിൽകാരും കരക്കാർ തന്നെയായിരുന്നു.
ശ്രീപദ്മനാഭാ... എന്ന വച്ചുപാട്ടിന്റെ താളത്തിലാണ് പള്ളിയോടങ്ങൾ ജലഘോഷയാത്രയിൽ തുഴഞ്ഞുനീങ്ങിയത്. പമ്പയുടെ കരകളിലെ കടപ്ര ഒഴികെയുള്ള പള്ളിയോടങ്ങൾ ഇത്തവണ ജലഘോഷയാത്രയിൽ അണിനിരന്നു. പണി പൂർത്തിയാകാത്തതിനാൽ കടപ്ര പള്ളിയോടത്തിനു പങ്കെടുക്കാനായില്ല. പുതുതായി നീറ്റിലിറക്കിയ കാട്ടൂർ പള്ളിയോടമായിരുന്നു ജലഘോഷയാത്രയിലെ പ്രധാന ശ്രദ്ധാകേന്ദ്രം. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നുള്ള രാജമുദ്ര ചാർത്തിയാണ് കാട്ടൂർ പള്ളിയോടം എത്തിയത്. ഏറ്റവും മുന്നിലായി തിരുവോണത്തോണി നീങ്ങിയതോടെ ഉത്രട്ടാതി ജലോത്സവത്തിന്റെ പാരമ്പര്യവും ഐതിഹ്യവും പുനർജനിച്ചു. അകമ്പടിയെന്നോണം പള്ളിയോടങ്ങൾ പമ്പയിലൂടെയുള്ള യാത്രയ്ക്കു തയാറായി. എ ബാച്ചിലെ കോയിപ്രം, ചെറുകോൽ, പ്രയാർ, മേലുകര പള്ളിയോടങ്ങളുടെ ഗ്രൂപ്പാണ് വച്ചുപാട്ടിന്റെ അകമ്പടിയിൽ ആദ്യം തുഴഞ്ഞുനീങ്ങിയത്. എ ബാച്ചിൽ നിന്ന് ഒമ്പത് ഗ്രൂപ്പുകളും ബി ബാച്ചിലെ നാല് ഗ്രൂപ്പുകളുമാണ് ജലഘോഷയാത്രയിൽ പങ്കെടുത്തത്.