സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് ഇനി ഓർമ; മരണ വാർത്ത പുറത്തുവിട്ട് ഭാര്യ

Sunday 03 September 2023 12:21 PM IST

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് (49) അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ നദീൻ സ്ട്രീക്ക് ട്വിറ്ററിലൂടെയാണ് വിയോഗവാർത്ത പുറത്തുവിട്ടത്.

ഹീത്ത് സ്ട്രീക്കിന്റെ മരണത്തെക്കുറിച്ച് നേരത്തെ വ്യാജ വാർത്തകൾ പുറത്തുവന്നിരുന്നു. കായികരംഗത്തെ പ്രശസ്തരായവർ പോലും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വ്യാജ വാർത്തകൾക്കെതിരെ അദ്ദേഹം തന്നെ രംഗത്തെത്തുകയും ചെയ്‌തിരുന്നു.

1993ലാണ് ഹീത്ത് രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. രണ്ടായിരത്തിന്റെ തുടക്കം വരെ അദ്ദേഹത്തിന് സുവർണകാലമായിരുന്നു. 69 ടെസ്‌റ്റ് മത്സരങ്ങളും 189 ഏകദിനങ്ങളും സിംബാബ്‌വെക്കായി കളിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ രാജ്യത്തിനുവേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ കായിക താരമെന്ന റെക്കോർഡിനും അദ്ദേഹം അർഹനാണ്. 2005ൽ വിരമിച്ചെങ്കിലും നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.