എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു,​ വിട പറഞ്ഞത് സമാന്തര സിനിമകളുടെ ഛായാഗ്രഹകൻ

Friday 12 July 2019 7:55 PM IST

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്. ഭാര്യ ശ്രീലത. മക്കൾ: യദു, നീരജ

മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏഴു തവണ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾക്കും അർഹനായി.75 സിനിമകൾക്ക് കാമറ ചലിപ്പിച്ചു.കളിയാട്ടം, ദേശാടനം, കരുണം, തീർത്ഥാടനം, കണ്ണകി, പരിണാമം, കൂട്ട്, മകൾക്ക്, നാല് പെണ്ണുങ്ങൾ, ഗുൽമോഹർ, വിലാപങ്ങൾക്കപ്പുറം, പേരറിയാത്തവർ, കാട് പൂക്കുന്ന നേരം, ഓള് തുടങ്ങി എഴുപത്തഞ്ചോളം സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

ഷാങ്ഹായ് മേളയിൽ പുരസ്കാരം നേടിയ ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങളുടെയും ഛായാഗ്രഹണം നിർവഹിച്ചത് എം.ജെ. രാധാകൃഷ്ണനായിരുന്നു.

സ്റ്റിൽ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണൻ തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഷാജി എൻ കരുണിന്റെ കീഴിൽ അസോസിയേറ്റ് ഛായാഗ്രാഹകനായി. അലി അക്ബർ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകൾക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം.

അടൂർ ഗോപാലകൃഷ്ണൻ മുതൽ ഡോ. ബിജു വരെയുള്ള സംവിധായകരുടെ സിനിമകളിൽ എം.ജെ.രാധാകൃഷ്ണന്റെ ഛായാഗ്രഹണ മികവ് കാണാം. 1999 ൽ കാൻ ചലച്ചിത്ര മേളയിൽ മരണ സിംഹാസനം എന്ന ചിത്രത്തിലൂടെ ഗോൾഡൻ കാമറ അവാർഡ് നേടിയ എ.ജെ.രാധാകൃഷ്ണൻ ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും നേടി. 1996ൽ ജയരാജിന്റെ ദേശാടനത്തിലൂടെയായിരുന്നു ആദ്യ സംസ്ഥാന അവാർഡ്. 99ൽ കരുണത്തിനും 2007ൽ അടയാളങ്ങൾക്കും പുരസ്കാരം ലഭിച്ചു. 2008ൽ ബയോസ്കോപ്പിനും 2010ൽ വീട്ടിലേക്കുള്ള വഴിക്കും 2011ൽ ആകാശത്തിന്റെ നിറത്തിനും വീണ്ടും പുരസ്കാരം. 2017ൽ കാടുപൂക്കുന്ന നേരത്തിലൂടെയാണ് ഏഴാമത്തെ സംസ്ഥാന അവാർഡ്.