ഒൻപത് മാസങ്ങൾ കൊണ്ട് നിരവധി നിറങ്ങളെ തിരിച്ചറിഞ്ഞ് കുഞ്ഞു റെയ്‌സ, പിന്നാലെ തേടിയെത്തി വമ്പൻ ബഹുമതി
Monday 04 September 2023 1:16 PM IST
മൂവാറ്റുപുഴ: പിച്ചവച്ച് നടക്കുന്നതിന് മുമ്പേ ലോക റെക്കാഡ് തിളക്കത്തിൽ കുഞ്ഞുബാലിക. പുന്നമറ്റം പുത്തേത്ത് റഫിൻഷാ റുക്സാന ദമ്പതികളുടെ മകൾ റെയ്സ സഹറയാണ് ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഏറ്റവും കൂടുതൽ കളറുകൾ തിരിച്ചറിഞ്ഞെന്ന നേട്ടം സ്വന്തമാക്കിയത്. ഇതോടെ ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കാഡ്സിൽ റെയ്സ ഇടംഉറപ്പിക്കുകയും ചെയ്തു.
പതിമൂന്ന് കളറുകൾ തിരിച്ചറിഞ്ഞ് ലോക റെക്കാഡ് തീർത്ത റെയ്സയുടെ പ്രായം ഒമ്പത് മാസം മാത്രം.
പരിഹാസങ്ങൾ അവഗണിച്ചാണ് കുഞ്ഞിനെ നിറങ്ങൾ തിരിച്ചറിയാൻ പ്രാപ്തിയാക്കിയതെന്ന് കോതമംഗലം അൽഫലാഹ് പബ്ലിക് സ്‌കൂളിലെ അദ്ധ്യാപിക കൂടിയായ അമ്മ റുക്സാന പറഞ്ഞു. ആറുമാസം പ്രായമുള്ളപ്പോൾ മുതൽ കുഞ്ഞിന് കളർ കാർഡുകൾ നൽകി പരിശീലനം നൽകിവരുന്നു. ഇപ്പോൾ വിവിധ ആകൃതികളുടെയും പഴവർഗങ്ങളുടെയും ചിത്രങ്ങൾ തിരിച്ചറിയുന്ന പരിശീലനത്തിലാണ് റെയ്സ.