പുതുപ്പള്ളിയിൽ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യൂ, മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 22% പോളിംഗ്; അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമെത്തി വോട്ട് രേഖപ്പെടുത്തി ചാണ്ടി ഉമ്മൻ

Tuesday 05 September 2023 10:48 AM IST

കോട്ടയം: പുതുപ്പള്ളിയിൽ പോളിംഗ് പുരോഗമിക്കുന്നു. യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തി. മാതാവ് മറിയാമ്മ ഉമ്മനും സഹോദരിമാരായ അച്ചു ഉമ്മനും മറിയാ ഉമ്മനുമൊപ്പം പുതുപ്പള്ളി ജോർജിയൻ സ്‌കൂളിലെ ബൂത്തിലെത്തിയാണ് അദ്ദേഹം വോട്ട് ചെയ്തത്.

മണർകാട് എൽ പി സ്‌കൂളിലെത്തി എൽ ഡി എഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ് വോട്ട് ചെയ്തു. പിതാവിന്റെ കല്ലറയിലെത്തി പ്രാർത്ഥിച്ചതിനുശേഷമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താൻ എത്തിയത്. അതേസമയം, എൻ ഡി എ സ്ഥാനാർത്ഥി ലിജിൻ ലാലിന് മണ്ഡലത്തിൽ വോട്ടില്ല.

ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. വോട്ടെടുപ്പ് ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ 22% പോളിംഗ് ആണ് രേഖപ്പെടുത്തിയത്. മന്ത്രി വി എൻ വാസവൻ കുടുംബസമേതം പാമ്പാടി എം ജി എം ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

ഉമ്മൻചാണ്ടിക്കെതിരെ വ്യക്തിഹത്യ നടത്തിയത് കോൺഗ്രസാണെന്ന് വി എൻ വാസവൻ ആരോപിച്ചു. ചികിത്സാ വിവാദത്തിന് പിന്നിൽ മുൻ ഡി സി സി സെക്രട്ടറി വിജയകുമാറാണെന്നും ധൈര്യമുണ്ടെങ്കിൽ അന്വേഷണം നടത്താൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. വൈകിട്ട് ആറ് മണിവരെയാണ് പോളിംഗ്. എട്ടു പഞ്ചായത്തുകളിലായി 182 ബൂത്തുകളുണ്ട്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും, ആം ആദ്മി പ്രതിനിധിയും, മൂന്ന് സ്വതന്ത്രരുമുൾപ്പെടെ ഏഴ് പേരാണ് മത്സരിക്കുന്നത്. വെള്ളിയാഴ്ചയാണ് വോട്ടെണ്ണൽ.