ചുവട് ദ്രവിച്ച മരം മാറ്റാനെന്ന പേരിൽ മഹാഗണി വെട്ടിമാറ്റി, കുസാറ്റ് കാമ്പസിൽ മരംമുറി വിവാദമായി
കളമശേരി: കുസാറ്റ് കാമ്പസിൽ അനധികൃതമായി മഹാഗണി മരം വെട്ടിമാറ്റിയതിൽ പ്രതിഷേധം. ചുവട് ദ്രവിച്ച ഒരു വട്ടമരം കാറ്റത്ത് മറിഞ്ഞു വീണതിന്റെ മറവിലാണ് ഇന്നലെ രാവിലെ കരുത്തോടെ നിന്നിരുന്ന മഹാഗണി വെട്ടിമാറ്റിയത്. ഒപ്പം രണ്ടാമത്തെ മരം വെട്ടിമാറ്റാനുള്ള ശ്രമം തടയുകയായിരുന്നെന്ന് കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡന്റ് ഡോ. സി.എം. ജോയി, സെക്രട്ടറി എൽ. വിശ്വനാഥൻ എന്നിവർ പറഞ്ഞു.
പൊതുസ്ഥലങ്ങളിൽ ജീവനും സ്വത്തിനും ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നതിന് അനുവാദം നൽകേണ്ട കമ്മിറ്റിയുടെ അംഗീകാരമില്ലാതെയാണ് മരം വെട്ടിമാറ്റിയതെന്നും മരം മുറിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കെ.എഫ്.ആർ.ഐ. മുൻ രജിസ്ട്രാറും മുൻ ജില്ലാ ട്രീ കമ്മിറ്റി അംഗവുമായ ഡോ.സി.എം. ജോയി ഫോറസ്റ്റ് കൺസർവേഷൻ ഓഫീസിലും കുസാറ്റ് അധികൃതർക്കും പരാതി നൽകി. മരം മുറിക്കുന്നതിന് സ്റ്റോപ്പ് മെമ്മോ നൽകി നഷ്ടപരിഹാരമായി 10 മഹാഗണി നട്ടുപിടിപ്പിക്കാൻ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു. ചാഞ്ഞു നിന്ന മരമാണ് വെട്ടിയതെന്ന് കുസാറ്റ് ഔദ്യോഗിക വക്താവ് അറിയിച്ചു.