വൈദ്യുതി പാഴാക്കൽ അവസാനിപ്പിക്കൂ

Wednesday 06 September 2023 12:00 AM IST

കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് എന്തുകൊണ്ട് സംസ്ഥാനത്തെ വൈദ്യുതി ദുരുപയോഗം അവസാനിപ്പിക്കാൻ കഴിയുന്നില്ല? പകലും തെരുവിളക്കുകൾ പ്രകാശിപ്പിച്ചു വൈദ്യുതി നഷ്ടം ഉണ്ടാക്കുന്നത് തടയാൻ കർശന നടപടിയെടുക്കാൻ ബോർഡിനും വൈദ്യുതി മന്ത്രിക്കും കഴിയുന്നില്ല. പല സർക്കാർ ഓഫീസുകളിലും രൂക്ഷമായ രീതിയിൽ വൈദ്യുതി പാഴാക്കലും ദുരുപയോഗവും നടക്കുന്നുണ്ട്. കടുത്ത വൈദ്യുതിക്ഷാമം മൂലം ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുമ്പോഴാണ് ഇതൊക്കെയെന്ന് തിരിച്ചറിയണം. കെ.എസ്.ഇ.ബിയും വകുപ്പും ചുമതലകളും ഉത്തരവാദിത്വങ്ങളും കൃത്യമായി നിർവഹിക്കാതെ മാധ്യമങ്ങളിലൂടെ തുടരെത്തുടരെ പൊതുജനങ്ങളോട് വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നതിലെ ഔചിത്യം മനസ്സിലാകുന്നില്ല. പകൽനേരങ്ങളിൽ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും വൈദ്യുതി വിളക്കുകൾ കത്തിക്കിടക്കുന്നത് പതിവ് കാഴ്ചയാണ്. ശമ്പളം പറ്റുന്ന ജീവനക്കാരെക്കൊണ്ട് ശരിയായി ജോലി ചെയ്യിക്കാൻ കഴിയാത്തതാണ് ഇതിനൊക്കെ കാരണം. വൈദ്യുതി ദുരുപയോഗവും പാഴാക്കലും പരമാവധി തടഞ്ഞാൽ തന്നെ എത്രമാത്രം ലാഭമുണ്ടാക്കാം. അതിനായി കെ.എസ്.ഇ.ബി കടുത്ത നിയന്ത്രണ നടപടികളിലേക്ക് നീങ്ങണം.

റോയി വർഗീസ് ഇലവുങ്കൽ

മുണ്ടിയപ്പള്ളി