 വരുന്ന സഭാസമ്മേളനത്തിൽ ബിൽ പിടിച്ചുപറി തടയാൻ ഹോട്ടൽ ഗ്രേഡിംഗ്

Tuesday 05 September 2023 11:43 PM IST

തിരുവനന്തപുരം: റസ്റ്റോറന്റുകളും ഹോട്ടലുകളും ഭക്ഷണ വില തോന്നുംപോലെ കൂട്ടുന്നത് തടയാൻ ഗ്രേഡിംഗ് വരുന്നു. നവംബറിലെ നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഉപഭോക്തൃ വകുപ്പിന്റെ അഭ്യർത്ഥനപ്രകാരമാണ് നീക്കം.

സൗകര്യവും നിലവാരവുമനുസരിച്ച് ഹോട്ടലുകളെ എ,​ബി,​സി ഗ്രേഡുകളായി തിരിക്കും. എ ഗ്രേഡ് ഹോട്ടലുകളിലാകും കൂടിയ വില. ഏറ്റവും കുറവ് സി ഗ്രേഡിലും. ഹോട്ടലിന് മുന്നിലെ ബോർഡിൽ ഏതു ഗ്രേഡെന്ന് വലിയ അക്ഷരത്തിൽ പ്രദർശിപ്പിക്കും. ജനത്തിന് അത് നോക്കി കയറാം. നിവലിവിലെ നിയമമനുസരിച്ച് ഹോട്ടലുകളിലെ ഭക്ഷണ വില ഏകീകരിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല. ഗ്രേഡിംഗ് ഏർപ്പെടുത്തുന്നത് അതിനെ മറികടക്കാനാണ്. തട്ടുകടകളെ ഗ്രേഡിംഗിൽ നിന്ന് ഒഴിവാക്കും.

ഒരു വർഷം മുൻപ് ആലപ്പുഴയിലെ ഹോട്ടലിൽ അപ്പവും മുട്ടക്കറിയും കഴിച്ച പി.പി. ചിത്തരഞ്ജൻ എം.എൽ.എയ്ക്ക് ഭീമമായ ബിൽ ലഭിച്ചത് വിവാദമായിരുന്നു. ഹോട്ടലുടമയ്ക്ക് വിൽക്കുന്ന ഭക്ഷണത്തിന്റെ വില നിശ്ചയിക്കാമെന്ന നിയമം കാരണം അന്ന് നടപടി ഉണ്ടായില്ല. ഇതേ പരാതി പതിവാകുന്ന സാഹചര്യത്തിലാണ് എത്രയും പെട്ടെന്ന് ഗ്രേഡിംഗിലേക്ക് ഉപഭോക്തൃ വകുപ്പ് കടക്കന്നത്.

വൃത്തി, ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം എന്നിവ നോക്കി ഗ്രേഡിംഗ് നൽകാൻ ഭക്ഷ്യസുരക്ഷാവകുപ്പും നീക്കം തുടങ്ങിയിട്ടുണ്ട്.

വീണ്ടും പൊള്ളും വില

 ഓണക്കാലത്ത് പച്ചക്കറി, പലവ്യഞ്ജനങ്ങൾ, കോഴിയിറച്ചി വില കൂടിയതിനൊപ്പം ഹോട്ടലുകൾ ഭക്ഷണ വിലയും ഉയർത്തി

 ഇറച്ചി, മീൻ വിഭവങ്ങൾക്കാണ് വില കുത്തനേ കൂട്ടിയത്. മൂന്ന് പീസുള്ള ചിക്കൻ കറിക്ക് 160ൽ നിന്ന് 220 രൂപ വരെയെത്തി

 മീൻ വിഭവങ്ങൾക്ക് ഓരോ ദിവസവും ഓരോ വിലയാണ്. ഇനം അനുസരിച്ച് വില എന്നാവും വില വിവരപ്പട്ടികയിൽ

 ഓണം കഴിഞ്ഞതൊടെ സാധനവിലയും കോഴിവിലയും താണു. വാണിജ്യ സിലിണ്ടറിനും വില കുറച്ചു. പക്ഷേ ഹോട്ടലുകൾ വില കൂട്ടിയാൽ പിന്നെ കുറയ്ക്കില്ല

ഒരു കൊള്ള

ലാഭക്കണക്ക്

രണ്ട് കിലോയുള്ള കോഴിയിൽ നിന്ന് 1. 3 കിലോ മാംസം ലഭിക്കും. രണ്ട് കിലോ കോഴിക്ക് 350 രൂപ. 1.3 കിലോയിൽ നിന്ന് അഞ്ച് ഫുൾ ഫ്രൈ. ഒരു ഫ്രൈക്ക് 300 രൂപ വച്ച് ഒരു കോഴിയിൽ നിന്ന് 1500 രൂപ. എണ്ണ, മസാല, ജോലിക്കൂലി മാറ്റിയാലും കൊള്ള ലാഭം

വിഭവങ്ങളുടെ വില

 ഊണ്: 70 - 160  ബിരിയാണി : 180 - 300  ചിക്കൻ ഫ്രൈ: 250 - 300  ചില്ലി ചിക്കൻ: 230 - 295

 ബീഫ് ഫ്രൈ: 100 -150