സെക്രട്ടേറിയറ്റ് ഇനി രാവണൻകോട്ട
തിരുവനന്തപുരം: ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ജീവനക്കാർക്കും സന്ദർശകർക്കും ഉൾപ്പെടെ നിയന്ത്രണം കടുപ്പിച്ച് സർക്കാർ.സെക്രട്ടേറിയറ്റിലെത്തുന്ന മുഴുവൻ സന്ദർശകർക്കും ആക്സസ് കൺട്രോൾ കാർഡ് നൽകും.കഴിഞ്ഞ മാസം 11ന് പൊതുഭരണ വകുപ്പ് അഡിഷണൽ ചീഫ്സെക്രട്ടറി കെ.ആർ. ജ്യോതിലാൽ രഹസ്യ സർക്കുലർ പ്രകാരമാണിത്. സന്ദർശകരുടെ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് വാങ്ങി വച്ച ശേഷം വേണം ആക്സസ് കൺട്രോൾ കാർഡ് നൽകാൻ. തിരികെ പോകുമ്പോൾ ആക്സസ് കാർഡ് തിരിച്ചു വാങ്ങണം. ഈ കാർഡ് നഷ്ടപ്പെടുത്തിയാൽ സന്ദർശകരിൽ നിന്ന് 500 രൂപ പിഴയീടാക്കണം. തിരിച്ചറിയൽ രേഖയില്ലാതെ വരുന്ന സന്ദർശകന്, അയാൾക്ക് കാണേണ്ടയാളുടെ ഉറപ്പിന്മേൽ മാത്രം കാർഡ് നൽകണം. മാദ്ധ്യമ പ്രവർത്തകർക്കുൾപ്പെടെ ഇതൊരു ഭീഷണിയായി മാറും.
ജീവനക്കാരുടെ
പോക്കുവരവ്
□എല്ലാ ജീവനക്കാരും ആക്സസ് കൺട്രോൾ സംവിധാനത്തിലൂടെ മാത്രം സെക്രട്ടേറിയറ്റിനകത്തേക്ക് പ്രവേശിക്കുകയും പുറത്ത് പോവുകയും വേണം. □ജീവനക്കാരുടെ തിരിച്ചറിയൽ കാർഡ് ആക്സസ് കൺട്രോൾ സംവിധാനത്തിനകത്ത് പ്രവർത്തിക്കുന്നില്ലെങ്കിൽ അറ്റൻഡന്റ്സ് മോണിറ്ററിംഗ് സെല്ലിനെ അറിയിച്ച് ആഗസ്റ്റ് 20ന് മുമ്പ് പ്രവർത്തനയോജ്യമാക്കണം.
□രാവിലെ 9.30 മുതൽ വൈകിട്ട് 5.30വരെ എല്ലാ വാതിലുകളിലെയും ആക്സസ് കൺട്രോൾ സംവിധാനം പ്രാവർത്തികമാക്കേണ്ടത് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ ചുമതലയാണ്.
□സെക്രട്ടേറിയറ്റിൽ ജോലിയെടുക്കുന്ന സെക്രട്ടേറിയറ്റിതര ജീവനക്കാർക്കും പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങൾക്കും നൽകിയിട്ടുള്ള പ്രത്യേക ആക്സസ് കൺട്രോൾ കാർഡ് ദുരുപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ട ചുമതല അതത് ഉദ്യോഗസ്ഥർക്കും വിഭാഗത്തിന്റെ മേധാവികൾക്കുമാണ്.
യന്ത്രം മന:പൂർവം
കേടാക്കിയാൽ പിഴ
□ ആക്സസ് കൺട്രോൾ സ്വിച്ചുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് ജീവനക്കാരിൽ ചിലർ
കൺട്രോൾ സംവിധാനം ഓഫ് ചെയ്യുന്നുവെന്ന ആക്ഷേപമുണ്ട്. ഒന്നിൽ കൂടുതൽ പേർ ഒരേ സമയം ഈ സംവിധാനം വഴി പോകുന്നതും, ഇതിന്റെ ഫ്ലാപ്പ് ബലമായി തുറന്ന് വയ്ക്കുന്നതും സെൻസർ തകരാറിലാക്കും.ഇത്തരത്തിൽ സംവിധാനം കേടാക്കുന്നവരെ നിരീക്ഷണ ക്യാമറകളിലൂടെ കണ്ടെത്തി അറ്റകുറ്റപ്പണിക്കുള്ള ചെലവ് ഈടാക്കും
□ഈ മാസം 30 വരെ ആക്സസ് കൺട്രോൾ സംവിധാനത്തിലൂടെയുള്ള ആളുകളുടെ സഞ്ചാരത്തിന്റെ ഡാറ്റ കൃത്യമായി ശേഖരിക്കാൻ കെൽട്രോൺ സംവിധാനമൊരുക്കും.