ജെയ്ക്കിന് ലഭിക്കുന്ന വോട്ടിനെക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ നേടും: കെ. സുധാകരൻ
Wednesday 06 September 2023 1:51 AM IST
കണ്ണൂർ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്ഥാനാർത്ഥി ജെയ്ക് സി. തോമസിന് ലഭിക്കുന്ന വോട്ടിനെക്കാൾ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ നേടുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആത്മവിശ്വാസം കുറഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രി സ്വപ്നലോകത്താണോയെന്നും ഇങ്ങനെ നിശബ്ദനായിരിക്കുന്ന മുഖ്യമന്ത്രി നാടിന് അപമാനമാണെന്നും സുധാകരൻ കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തോമസ് ഐസക് പോലും സർക്കാരിനെ തള്ളിപറയുകയാണ്. ചാണ്ടി ഉമ്മൻ ഭൂരിപക്ഷം ഉയർത്തും. ഭാരത് ജോഡോയാത്രയുടെ ഒന്നാം വാർഷികം ഏഴിന് കെ.പി.സി.സി ആചരിക്കുമെന്നും സുധാകരൻ പറഞ്ഞു. എല്ലാ ജില്ലകളിലും പദയാത്ര സംഘടിപ്പിക്കും. ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. ജില്ലകളിൽ സംസ്ഥാന നേതാക്കളാകും. പദയാത്രയ്ക്ക് നേതൃത്വം നൽകുകയെന്നും കെ. സുധാകരൻ അറിയിച്ചു.