സോഷ്യൽ മീഡിയയിലൂടെ മകന്റെ വിയോഗവാർത്തയറിഞ്ഞു; മാതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി
തിരുവനന്തപുരം: മകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശി സജിൻ മുഹമ്മദിന്റെ (28) മാതാവ് ഷീജ ബീഗമാണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് വയനാട്ടിലുണ്ടായ അപകടത്തിൽ സജിൻ മരിച്ചിരുന്നു.
പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ വാനും സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു പിജി വിദ്യാർത്ഥിയായ സജിന്റെ മരണം. മകന്റെ വിയോഗവാർത്ത ഷീജയെ അറിയിച്ചിരുന്നില്ല. ഇവരെ കഴക്കൂട്ടത്തെ ബന്ധുവീട്ടിലാക്കിയ ശേഷം വയനാട്ടിൽ നിന്ന് മൃതദേഹം കൊണ്ടുവരാനായി കുടുംബാംഗങ്ങൾ പോയിരുന്നു.
രാത്രി സോഷ്യൽ മീഡിയയിലൂടെയാണ് മകൻ മരിച്ച വിവരം ഷീജ അറിയുന്നത്. തുടർന്ന് ബന്ധുവീട്ടിലെ കിണറ്റിൽ ചാടുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് സുലൈമാൻ (റിട്ട. വനംവകുപ്പ് ഉദ്യോഗസ്ഥൻ), ദമ്പതികൾക്ക് ഒരു മകൾ കൂടിയുണ്ട്. ഷീജ അദ്ധ്യാപികയാണ്.