കുട്ടികളെ അന്നമൂട്ടിയ പ്രധാനാദ്ധ്യാപകർക്ക് കടം 130 കോടി

Thursday 07 September 2023 1:06 AM IST

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ പട്ടിണിക്കിടാതെ കാത്തതിന് പ്രധാനാദ്ധ്യാപകർക്ക് മൂന്നു മാസത്തെ കുടിശിക 130 കോടി. ജൂൺ,​ ജൂലായ്,​ ആഗസ്റ്റ് മാസങ്ങളിലെ തുകയാണിത്. എത്രകാലം ഇങ്ങനെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കുമെന്ന ചോദ്യത്തിന് മറുപടിയില്ല.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിത്തുകയിൽ 60ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നത്. ഉച്ചഭക്ഷണം കഴിക്കുന്നത് 150കുട്ടികളിൽ കുറവാണെങ്കിൽ ഒരു കുട്ടിക്ക് എട്ട് രൂപയും 500കുട്ടികൾ വരെയാണെങ്കിൽ ഏഴ് രൂപയും

500ന് മുകളിലെങ്കിൽ ആറ് രൂപയും വീതമേ ലഭിക്കൂ. പാചകവാതകത്തിലേ ഭക്ഷണം പാകംചെയ്യാവൂ.

ചെലവിനെ അപേക്ഷിച്ച് തുച്ഛമായ പണം അനുവദിക്കുന്നതിലും കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ശീതസമരത്തിലാണ്. കേന്ദ്രം വിഹിതം തന്നാലേ ശേഷിക്കുന്ന പണം അനുവദിക്കാനാകൂവെന്ന് സംസ്ഥാനം പറയുന്നു. അതേസമയം,​ അന്വേഷണങ്ങൾക്ക് സംസ്ഥാനം വ്യക്തമായ മറുപടി നൽകാത്തതാണ് ഫണ്ട് വൈകിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. കുട്ടികളെ പട്ടിണിക്കിടാതിരിക്കാൻ പ്രധാനാദ്ധ്യാപകർ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കാൻ നിർബന്ധിതരാകും. യു.പി തലംവരെ ചുമതല പ്രഥമാദ്ധ്യാപകനാണ്. എട്ടാം ക്ളാസ് വരെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണമനുസരിച്ച് ചുമതല ഒന്നോ രണ്ടോ അദ്ധ്യാപകർക്കാവും. ചില സ്കൂളുകളിൽ 1200 മുതൽ 1500 കുട്ടികൾക്ക് വരെ ഭക്ഷണം തയ്യാറാക്കേണ്ടി വരും.

മുട്ടയും പാലും

പദ്ധതി ബാദ്ധ്യത

സംസ്ഥാന സർക്കാരിന്റെ തനത് പദ്ധതിയായ മുട്ട - പാൽ വിതരണം ബാദ്ധ്യതയാണ്. പദ്ധതിക്ക് സംസ്ഥാനം ഇതുവരെ ചില്ലിക്കാശും അനുവദിച്ചിട്ടില്ലെന്ന് അദ്ധ്യാപകസംഘടനകൾ പരാതിപ്പെടുന്നു

'പ്രതിസന്ധിക്ക് പരിഹാരമാകുന്നതു വരെ മുട്ടയും പാലും പദ്ധതി ഒഴിവാക്കണം.'

- ജി.സുനിൽകുമാർ,​ ജനറൽ സെക്രട്ടറി,

കെ.പി.പി.എച്ച്.എ