വിലക്കുറവിൽ ബസ് വാങ്ങാനുള്ള അവസരം കെ.എസ്.ആർ.ടി.സിക്ക് നഷ്ടമായി

Thursday 07 September 2023 3:01 AM IST

തിരുവനന്തപുരം: പഴയ ടെൻ‌‌ഡർ പ്രകാരം ബസിന്റെ ഷാസി ഇനി നൽകാനാകില്ലെന്ന് കെ.എസ്.ആർ.ടി.സിയെ അശോക് ലൈലാൻഡ‌് അറിയിച്ചു. ബസൊന്നിന് 1.35 ലക്ഷം കുറവിൽ 469 ബസുകൾ സ്വന്തമാക്കാനുള്ള അവസരം ഇതോടെ കെ.എസ്.ആർ.ടി.സിക്ക് നഷ്ടമായി. 2022 ആഗസ്റ്റ് 26ലെ ടെൻഡർ പ്രകാരം ഒരു വർഷത്തിനുള്ളിൽ 600 ബസുകൾ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ കെ.എസ്.ആർ.ടി.സി ആകെ വാങ്ങിയത് 131 ബസുകൾ മാത്രം.

കിഫ്ബിയിൽ നിന്ന് 181 കോടി രൂപ വായ്പയായി അനുവദിക്കുമെന്നും ധനവകുപ്പ് നേരിട്ട് 75 കോടി രൂപ നൽകുമെന്നുമുള്ള സർക്കാർ തീരുമാനം നടപ്പിലാകാതെപോയതോടെയാണ് വിലക്കുറവിൽ ബസ് വാങ്ങാനുള്ള അവസരം കെ.എസ്.ആർ.ടി.സിക്ക് നഷ്ടമായത്. ടെൻ‌‌ഡറിന്റെ കലാവധി അവസാനിക്കുന്നതിനു മുമ്പ് ബസുകൾ വാങ്ങുന്നതിന് പകുതി തുകയെങ്കിലും അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ കത്തയച്ചെങ്കിലും പതിവുപോലെ ധനവകുപ്പ് അവഗണിക്കുകയായിരുന്നു. ഇനി 469 ബസുകൾ പുതുതായി വാങ്ങുമ്പോൾ കുറഞ്ഞത് 6.33 കോടി രൂപയുടെ അധിക ബാദ്ധ്യത വരും. മാത്രമല്ല, ബസ് കിട്ടാൻ കാലതാമസവും ഉണ്ടാകും. മറ്റ് കമ്പനികൾ ക്വാട്ട് ചെയ്ത തുകയെക്കാൾ 1.35 ലക്ഷം രൂപ കുറച്ച് 22.18 ലക്ഷം രൂപ നിരക്കിൽ 600 ബസിന്റെ ഷാഷി നൽകാമെന്നാണ് അശോക് ലൈലാൻഡ് സമ്മതിച്ചിരുന്നത്.

കഴിഞ്ഞ മേയിലാണ് കിഫ്ബിയിൽ നിന്നു 181 കോടി രൂപ വായ്പയായി അനുദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ തീരുമാനമുണ്ടായത്. ബസ് സർവീസുകളുടെ എണ്ണം കൂട്ടിയാൽ വരുമാനം കൂടുമെന്നും ശമ്പളം ഉൾപ്പെടെയുള്ള ചെലവുകൾ സ്വന്തം നിലയ്ക്ക് നിർവഹിക്കാനാകുമെന്നുമുള്ള ഗതാഗത വകുപ്പ് റിപ്പോർട്ടുകൾ പരിഗണിച്ചായിരുന്നു തീരുമാനം. ആ തീരുമാനം നടപ്പിലായില്ല. തുടർന്നാണ് സർക്കാർ സഹായമായി 75 കോടി രൂപ നൽകുമെന്നറിയിച്ചത്.

 സ്കാനിയയും ലോ ഫ്ലോറും വഴിയിൽ

ദീർഘദൂര സർവീസുകളാണ് കെ.എസ്.ആർ.ടി.സിയുടെ സാമ്പത്തിക നട്ടെല്ല്. ഓണത്തിന് ദീർഘദൂര സർവീസ് നടത്തിയ 17 സ്‌കാനിയ ബസുകളിൽ എട്ടും വഴിയിലായി. 170 ലോ ഫ്ലോർ എസി ബസുകളിൽ 40 എണ്ണവും പെരുവഴിയിലായി.

ദീർഘദൂര സർവീസ് നടത്തുന്ന 1800 ബസുകളിൽ 1669 ബസുകൾ കാലാവധി കഴിഞ്ഞിട്ടും സർവീസ് നടത്തുകയാണ്. പുതിയ ബസ് അഞ്ചു വ‌‌‌ർഷം മാത്രമേ സൂപ്പർ ക്ലാസ് സർവീസ് നടത്താവൂ. അതു കഴിയുമ്പോൾ ഓർഡിനറിയാക്കണമെന്നാണ് നിയമം. ഇപ്പോൾ സർവീസ് നടത്തുന്ന 159 ബസുകൾ 10 വർഷമായവയാണ്. ഒരോ തവണ കാലാവധി കഴിയുമ്പോഴും പുതുക്കിക്കൊടുക്കുകയാണ്.