സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി: കേന്ദ്രം വൈകിപ്പിക്കുന്നത്‌ 170 കോടിയെന്നു മന്ത്രി

Friday 08 September 2023 12:05 AM IST

തിരുവനന്തപുരം: കേന്ദ്ര വിഹിതം ലഭ്യമാകാത്തതിനാൽ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിൽ ഉടലെടുത്ത പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന്‌ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. അരിയും ചെലവിന്റെ 60 ശതമാനവും തരേണ്ടത്‌ കേന്ദ്രസർക്കാരാണ്. പദ്ധതിയിൽ പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റം നിർബന്ധമാക്കിയ 2021- 22 വർഷം മുതൽ വിഹിതം അനുവദിക്കുന്നത്‌ കേന്ദ്രം മനപൂർവം വൈകിപ്പിക്കുന്നു. ഇതോടെ പദ്ധതി നടത്തിപ്പിനുള്ള തുക, പാചകത്തൊഴിലാളി ഓണറേറിയം എന്നിവ സമയബന്ധിതമായി നൽകാനാവുന്നില്ല.

രാജ്യത്ത്‌ ഉച്ചഭക്ഷണ പദ്ധതിക്ക്‌ കേന്ദ്രവിഹിതമായി 10,000 കോടി ബഡ്ജറ്റിൽ വകയിരുത്തിയെങ്കിലും ആദ്യ ഗഡു വിഹിതമായ 60 ശതമാനം തുക അനുവദിച്ചത്‌ ബി.ജെ.പി ഭരിക്കുന്ന മദ്ധ്യപ്രദേശിന് മാത്രമാണ് (156.58 കോടി രൂപ). കേരളത്തിന്‌ ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപ. സംസ്ഥാന വിഹിതം 163.15 കോടിയടക്കം അടങ്കൽ തുക 447.46 കോടി . ഇതിൽ ആദ്യ ഗഡു കേന്ദ്രവിഹിതമായി ലഭിക്കേണ്ടത് 170.59 കോടി. ഇത് ലഭിച്ചാൽ ആനുപാതിക സംസ്ഥാന വിഹിതമായ 97.89 കോടി രൂപയുൾപ്പെടെ അനുവദിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. മുൻ വർഷത്തെ ധനവിനിയോഗ പത്രവും രേഖകളും നൽകിയില്ലെന്ന കാരണത്താലാണ്‌ തുക അനുവദിക്കാത്തതെന്ന വാർത്ത ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ വിതരണത്തിൽ അദ്ധ്യാപകർക്കുണ്ടായ പ്രയാസം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. വിഷയം ചർച്ച ചെയ്യാൻ അദ്ധ്യാപക സംഘടനകളുടെ യോഗവും വിളിക്കും.