നെൽ കർഷകർക്ക് പണം നൽകാത്തത് കോർട്ടലക്ഷ്യം

Saturday 09 September 2023 4:59 AM IST

ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സപ്ളൈകോ എം.ഡിയും ഹാജരാകണം

കൊച്ചി: നെൽ കർഷകർക്ക് ഒരാഴ്‌ചയ്ക്കകം പണം നൽകണമെന്ന ഉത്തരവ് സർക്കാരും സപ്ളൈകോയും പാലിക്കാത്തത് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമാണെന്ന് ഹൈക്കോടതി. 25നകം ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയിയും സപ്ളൈകോ എം.ഡി ഡോ. ശ്രീറാം വെങ്കിട്ടരാമനും നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞുകൃഷ്‌ണൻ ഉത്തരവിട്ടു.

ഒരാഴ്‌ചയ്‌ക്കകം പണം നൽകണമെന്ന ആഗസ്റ്റ് 24ലെ ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പാലക്കാട് കൊല്ലങ്കോട് സ്വദേശി പി.എ. സദാശിവൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ഉത്തരവ്.

അതേസമയം, സർക്കാരും സപ്ളൈകോയും കോടതിയുത്തരവ് പാലിക്കാത്തതിൽ മറ്റൊരുകൂട്ടം ഹർജികളിൽ ജസ്റ്റിസ് രാജാ വിജയരാഘവൻ അതൃപ്തി രേഖപ്പെടുത്തി. വീഴ്‌ച അനുവദിക്കാനാവില്ലെന്നും അഭിപ്രായപ്പെട്ടു.

കർഷകർക്കു പണം കൊടുക്കാൻ നടപടികൾ സ്വീകരിക്കുമെന്നും 11ന് അനുകൂല മറുപടി നൽകാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. തുടർന്ന് ഈ ഹർജികൾ 11ലേക്ക് മാറ്റി.

പാലക്കാട് ചിറ്റൂർ സ്വദേശി സി.കെ. രമേഷ്, പാലക്കാട് നെന്മേനി പാടശേഖര നെല്ലുത്പാദക സമിതി, പാലക്കാട് മാത്തൂർ സ്വദേശി ജി. ശിവരാജൻ, ഹരിപ്പാട് സ്വദേശി പാപ്പച്ചൻ ഉൾപ്പെടെ 26 കർഷകർ എന്നിവരുടെ ഹർജികളാണ് ജസ്റ്റിസ് രാജ വിജയരാഘവന്റെ ബെഞ്ച് പരിഗണിച്ചത്. 2.74 ലക്ഷം രൂപയിൽ 70,000രൂപ മാത്രമാണ് ലഭിച്ചതെന്ന് ശിവാനന്ദനും 1.42 ലക്ഷം രൂപ കിട്ടാനുള്ളതിൽ ഒരു രൂപപോലും ലഭിച്ചില്ലെന്ന് സി.കെ. രമേഷും 8.46 ലക്ഷം രൂപ ലഭിക്കാനുള്ളതിൽ 2.45ലക്ഷംരൂപയാണ് ലഭിച്ചതെന്ന് ശിവരാജനും കോടതിയിൽ അറിയിച്ചു. പാപ്പച്ചനുൾപ്പെടെ മറ്റു ഹർജിക്കാർ തങ്ങൾക്ക് ഒരു ലക്ഷം മുതൽ രണ്ടര ലക്ഷം രൂപ വരെ ലഭിക്കാനുണ്ടെന്നും വ്യക്തമാക്കി.