താനൂർ കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം ഉടൻ ഏറ്റെടുക്കണം

Saturday 09 September 2023 4:03 AM IST

കൊച്ചി: മലപ്പുറം മൂഴിക്കൽ സ്വദേശി താമിർ ജിഫ്രി താനൂർ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ ഉടൻ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ രേഖകൾ ഒരാഴ്ചയ്ക്കകം സി.ബി.ഐയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൈമാറാൻ പൊലീസിനും നിർദ്ദേശം നൽകി. കേസിൽ സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടും അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി താമിർ ജിഫ്രിയുടെ സഹോദരൻ പി.എം. ഹാരിസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റേതാണ് ഉത്തരവ് . മലപ്പുറത്ത് സി.ബി.ഐ ഉദ്യോഗസ്ഥർക്ക് താമസ സൗകര്യവും അന്വേഷണം നടത്താനാവശ്യമായ സഹായവും പൊലീസ് ഒരുക്കണം..

മലപ്പുറത്ത് ചേളാരിയിൽ നിന്ന് ജൂലായ് 31ന് രാത്രിയിലാണ് താമിർ ഉൾപ്പെടെ ഒരു സംഘത്തെ താനൂർ പൊലീസ് പിടി കൂടിയത്. ലഹരി മരുന്ന് കൈവശമുണ്ടെന്ന് സംശയിച്ച് പിടി കൂടിയ താമിറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നും , ആഗസ്റ്റ് ഒന്നിന് രാവിലെ ഇയാൾ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടെന്നുമാണ് കേസ്. താമിർ മരിച്ചതോടെ കസ്റ്റഡി മരണത്തിനുള്ള തെളിവുകൾ നശിപ്പിക്കാൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവർ നീക്കം തുടങ്ങിയെന്നും ആഗസ്റ്റ് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും കേസിലെ പ്രതികളെ കണ്ടെത്തുകയോ പൊലീസുകാരെ പ്രതി ചേർക്കുകയോ ചെയ്തില്ലെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. ആഗസ്റ്റ് പത്തിന് സർക്കാർ കേസന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. എന്നാൽ ഇതുവരെ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ല.