വാട്ടർ അതോറിറ്റി വാക്ക് പാലിച്ചു ആ പടുകുഴി ക്ളീനായി

Saturday 13 July 2019 1:03 AM IST

കുന്ദമംഗലം : ദേശീയ പാതയിലെ പടനിലം വളവിലുള്ള അപകടം വിളിച്ചു വരുത്തുന്ന കുഴി വാട്ടർ അതോറിറ്റിയുടെ ജപ്പാൻ കുടിവെള്ള പദ്ധതി(ജൈക്ക) അധികൃതർ നികത്തി. ഇന്നലെ രാവിലെയാണ് കരാറുകാർ കുഴികളിൽ മെറ്റൽ നിറച്ച് കോൺക്രീറ്റ് ചെയ്തത്. തൊട്ടടുത്തുള്ള കുഴികളും നികത്തി.ഇത് സംബന്ധിച്ച് ജൂലായ് 9ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

തുടർന്ന് പടനിലം വളവിലെ കുഴി ഉടനെ നികത്തുമെന്ന് ജൈക്ക കോഴിക്കോട് അസി എഞ്ചിനിയർ കേരളകൗമുദിയോട് പറഞ്ഞിരുന്നു.ജപ്പാൻകുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടി ലീക്കായതിനാലാണ് പടനിലം വളവിലും പന്തീർപാടത്തും ദേശീയപാതയിൽ കുഴികൾ രൂപപ്പെട്ടത് . കുഴി നേരത്തെ കോൺക്രീറ്റ് ചെയ്തിരുന്നു. അത് താഴ്ന്നുപോയാണ് വലിയ കുഴിയായി മാറിയത്.

റോഡപകടങ്ങൾക്ക് കുപ്രസിദ്ധിനേടിയ സ്ഥലമാണ് വയനാട് റോഡിലെ പടനിലം വളവ്.വയനാട് ഭാഗത്ത് നിന്ന് മെഡിക്കൽ കോളേജിലേക്ക് ചീറിപ്പായുന്ന ആംബുലൻസ് വാഹനങ്ങളും വയനാട്, ബാംഗ്ലൂർ ഭാഗത്തേക്കുള്ള ദീർഘദൂര സൂപ്പർഫാസ്റ്റ് ബസ്സുകളും കടന്നുപോകുന്ന റോഡാണിത്.ജപ്പാൻ പൈപ്പ് പൊട്ടി തകർന്ന റോഡ് നേരത്തെ കോൺക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗത്താണ് റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഇരുഭാഗത്തും വളവായത് കാരണം വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിയുടെ അടുത്തെത്തിയാൽ മാത്രമാണ് ശ്രദ്ധയിൽപ്പെടുക. ഇതോടെ റോഡിന് നടുവിലേക്ക് വെട്ടിക്കുന്ന വാഹനം എതിർദിശയിൽ വരുന്ന വാഹനത്തിന്റെ മുമ്പിൽ അകപ്പെടുക പതിവായിരുന്നു.കുഴിയിൽ ബൈക്ക് വീണ് അപകടങ്ങളുമുണ്ടായി.