കുറ്റ്യാടി തേങ്ങയുടെ പെരുമ തിരിച്ചു പിടിക്കാൻ ഒരു കോടിയുടെ കേരഗ്രാമം

Saturday 13 July 2019 1:06 AM IST

കുറ്റ്യാടി : ഉല്പാദനത്തിൽ പേരും പെരുമയുമുള്ള കുറ്റ്യാടി തേങ്ങയുടെ വിപണി മൂല്യം തിരിച്ചു പിടിക്കാനായി പഞ്ചായത്ത് വക കേരഗ്രാമം എന്ന പേരിൽ പദ്ധതി തയ്യാറാക്കുന്നു. പദ്ധതിക്കായി ഒരു കോടി സർക്കാർ അനുവദിച്ചു.

മലയോര കാർഷിക മേഖലകളിൽ തെങ്ങും തേങ്ങയും അന്യമാകുമ്പോൾ ഗുണമേന്മയിൽ ഏറെ മുന്നിലുള്ള കുറ്റ്യാടി തേങ്ങയുടെ വിപണന സാദ്ധ്യത ഏറെ പിന്നൊക്കാവസ്ഥയിൽ ആയിരുന്നു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന നാളികേരവും വെളിച്ചെണ്ണയും നമ്മുടെ മാർക്കറ്റിൽ പിടിച്ചു നിന്നപ്പോൾ മലയോര കേരകർഷകർ ഏറെ പ്രതിസന്ധിയിലാവുകയായിരുന്നു. തേങ്ങയുടെ വിലയിടിവ്, രോഗങ്ങൾ ,കൃഷി, തെങ്ങ്കയറ്റത്തിന്ന് ജോലിക്കാരുടെ ലഭ്യത കുറവ് തുടങ്ങിയവയെല്ലാം കർഷകന്റെ നട്ടെല്ല് തകർത്ത വിഷയമായി.നാളികേരത്തോട്ടങ്ങളിൽ തേങ്ങ കൊഴിഞ്ഞു വീണു വളർന്നു.

മലയോര നാളികേര മേഖല തളർന്നപ്പോഴാണ് തെങ്ങുകൃഷി സംരക്ഷണത്തിനായി കുറ്റ്യാടി പഞ്ചായത്തിൽ സംസ്ഥാന കൃഷിവകുപ്പ് കേരഗ്രാമം പദ്ധതിക്കായി ഒരു കോടി അനുവദിച്ചത്. കുറ്റിയാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ ബാലകൃഷ്ണൻ കൃഷി വകുപ്പ് മന്ത്രി വി എസ് സുനിൽകുമാറിനെ നേരിൽ കണ്ട് നല്കിയ നിവേദനത്തെ തുടർന്നാണ് കേരഗ്രാമം പദ്ധതി അനുവദിച്ചത്.

# കേരഗ്രാമം പദ്ധതി എന്ത്

കുറ്റ്യാടി നാളികേര കാർഷിക സംസ്‌കൃതിയെ വീണ്ടെടുക്കുക ,തെങ്ങ് കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സംസ്ഥാന സർക്കാറും കൃഷി വകുപ്പും നടപ്പിലാക്കുന്ന പദ്ധതിയാണ് കേരഗ്രാമം.തെങ്ങിന് വളം ചേർക്കുക, കയ്യാലനിർമ്മാണം ഇടവിളകൃഷിയിലൂടെ തെങ്ങ് കർഷകർക്ക് കൂടുതൽ ആദായം ലഭ്യമാക്കുക, രോഗപ്രതിരോധ പ്രവർത്തനം നടത്തുക. രോഗം ബാധിച്ച തെങ്ങുകൾ വെട്ടിമാറ്റി പകരം തൈകൾനടുക, എന്നീ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ കൃഷിവകുപ്പ് ലക്ഷ്യമിടുന്നത് '.

# കുറ്റ്യാടി തേങ്ങ

കോഴിക്കോട് ജില്ലയുടെ കിഴക്കൻ മലയോര പ്രദേശമായ കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലും ഉള്ള തേങ്ങയിൽ നിന്നുല്പാദിപ്പിക്കുന്ന തെങ്ങിൻ തൈകൾ മികച്ച ഫലവും രോഗപ്രതിരോധശേഷിയും ഉള്ളവയാണ് എന്ന് കരുതപ്പെടുന്നു. ഇങ്ങനെ പ്രത്യേകതയുള്ളതായതിനാൽ ഈ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന തേങ്ങകൾ കുറ്റ്യാടിതേങ്ങ എന്ന പേരിൽ പ്രശസ്തമായി. ഇപ്പ-ഴും സംസ്ഥാന കൃഷിവകുപ്പ് വിത്തുതേങ്ങ സംഭരിക്കുന്നത് പ്രധാനമായും ഈ പ്രദേശത്തുനിന്നാണ്. കേരളത്തിന്റെ മിക്ക ഭാഗങ്ങളിലും കുറ്റ്യാടി തൈകൾക്ക് വൻ ഡിമാൻഡാണ്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ ഇവിടെയെത്തി വിത്തു തേങ്ങ ശേഖരിക്കാറുമുണ്ട്.

'' കുറ്റിയാടിയിലെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് പദ്ധതിയെ കാണുന്നത്. നാളികേര കർഷകർക്ക് സഹായകരമായ പദ്ധതി നേടിയെടുത്ത കുറ്റ്യാടി പഞ്ചായത്ത് ഭരണസമിതിയുടെ സുതാര്യവും ജനകീയവുമായ വികസന പ്രവർത്തനത്തിന്റെ ചവിട്ടുപടിയാണ് കേരഗ്രാമം പദ്ധതി."

- സി.എൻ ബാലകൃഷ്ണൻ

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

പടം :

1 കുറ്റിയാടിയിലെ തെങ്ങിൻ തോപ്പ്, 2 കുറ്റിയാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എൻ ബാലകൃഷ്ണൻ