കുഞ്ഞൂഞ്ഞിന് പകരക്കാരൻ മകനെന്ന് പുതുപ്പള്ളി, ചാണ്ടി ചങ്കാണ്, ചാണ്ടി ഉമ്മന് റെക്കാഡ് ഭൂരിപക്ഷം-37,719, ജെയ്ക്കിന് ഹാട്രിക് തോൽവി

Saturday 09 September 2023 4:01 AM IST

കോട്ടയം: കുഞ്ഞൂഞ്ഞിന്റെ മകനെ പിൻഗാമിയായി പുതുപ്പള്ളിക്കാർ നെഞ്ചേറ്റി. ഉമ്മൻചാണ്ടിയുടെ വിയോഗത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് ചരിത്ര വിജയം. 53 വർഷം ഉമ്മൻചാണ്ടിയെ മാത്രം പുണർന്ന മണ്ഡലത്തിൽ 37,719 വോട്ടിന്റെ റെക്കാഡ് ഭൂരിപക്ഷത്തിൽ മകന്റെ തേരോട്ടം. കഴിഞ്ഞ രണ്ടു തവണയും ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച സി.പി.എമ്മിന്റെ ജെയ്‌ക്ക് സി.തോമസിന് ഹാട്രിക് തോൽവി.

2011 ൽ ഉമ്മൻചാണ്ടിക്ക് ലഭിച്ച ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 33, 255 വോട്ടും മറികടന്നാണ് മകന്റെ നേട്ടം. ചാണ്ടി ഉമ്മന് 80,144 വോട്ടും ജെയ്‌ക്കിന് 42,425 വോട്ടും ലഭിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന് 6,558 വോട്ടേ നേടാനായുള്ളൂ. കെട്ടിവച്ച കാശും നഷ്ടപ്പെടും.

കഴിഞ്ഞ തവണത്തേതിൽ നിന്ന് 11,903 വോട്ടുകൾ ജയ്ക്കിന് കുറഞ്ഞു. 5,136 വോട്ടുകളാണ് ബി.ജെ.പിക്ക് നഷ്ടപ്പെട്ടത്. ഉമ്മൻചാണ്ടിക്ക് കിട്ടിയതിനെക്കാൾ 16772 വോട്ടുകളാണ് ചാണ്ടി ഉമ്മന് കിട്ടിയത്. ഉമ്മൻചാണ്ടിക്ക് 63,372 വോട്ട് കിട്ടിയിരുന്നു.

അന്ന് ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെ എത്തിച്ച ജയ്‌ക്കിന്, ഒരു പഞ്ചായത്തിൽപ്പോലും ലീഡ് നേടാനായില്ല. എട്ടു പഞ്ചായത്തുകളിൽ ആറിലും എൽ.ഡി.എഫ് ഭരണമാണെങ്കിലും എല്ലായിടത്തും ചാണ്ടിയുടെ തേരോട്ടമായിരുന്നു.

കേരള കോൺഗ്രസ് എമ്മിന് സ്വാധീനമുള്ള അയർക്കുന്നം,അകലക്കുന്നം പഞ്ചായത്തുകളിലായിരുന്നു വോട്ടെണ്ണലിന്റെ തുടക്കം. അവിടെ ലീഡ് പിടിച്ചതോടെ കാറ്റിന്റെ ഗതി വ്യക്തമായി. കഴിഞ്ഞ തവണ ഉമ്മൻചാണ്ടി പിന്നിൽപ്പോയ മണർകാടും, നേരിയ ഭൂരിപക്ഷം മാത്രം നൽകിയ പാമ്പാടിയിലും ചാണ്ടി ആധിപത്യം സ്ഥാപിച്ചു. മണർകാട് പഞ്ചായത്തിലെ സ്വന്തം ബൂത്തിൽ പോലും 146 വോട്ടുകൾക്ക് ജെയ്‌ക്ക് പിന്നിൽപ്പോയി. മീനടം പഞ്ചായത്തിലെ 153-ാം നമ്പർ ബൂത്തിൽ 15 വോട്ടുകൾക്ക് മുന്നിലെത്തിയതാണ് ഏക ആശ്വാസം.

സത്യപ്രതിജ്ഞ

തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. 10 മണി വരെയുള്ള ചോദ്യോത്തരവേളയ്ക്ക് ശേഷമാവും ചടങ്ങ്. സഭാ ടി.വിയിലൂടെ കാണാം

വിജയ ഘടകങ്ങൾ

1 ഉമ്മൻചാണ്ടിയോട് പുതുപ്പള്ളിക്കാർക്കുള്ള വൈകാരിക ബന്ധം

2 ഉമ്മൻചാണ്ടിയെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ചതിലെ വിദ്വേഷം

3 വിവിധ നികുതി ഭാരങ്ങളിലൂടെ ജീവിതച്ചെലവ് കുത്തനെ ഉയർത്തിയതിലെ പ്രതിഷേധം

4 സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സർക്കാർ ധൂർത്തെന്ന ചിന്ത

5 സി.പി.എം നേതാക്കൾക്കെതിരെ സഹ. ബാങ്ക് തട്ടിപ്പിലുൾപ്പെടെ ഉയർന്ന ആരോപണം

വോട്ട് നില

ആകെ......................................1,76,412

പോൾ ചെയ്തത് .................. 1,28,535

ചാണ്ടി ഉമ്മൻ.......................... 80,144 ജെയ്‌ക്ക് സി. തോമസ്........ 42,425 ലിജിൻ ലാൽ.............................. 6,558 ലൂക്ക് തോമസ് (എ.എ.പി)...... 835 പി.കെ. ദേവദാസ് (സ്വത.).......... 60 ഷാജി(സ്വത.).....................................63 സന്തോഷ് പുളിക്കൽ (സ്വത.)... 78 നോട്ട...................................................400 അസാധു..........................................473

`അപ്പയുടെ പതിമ്മൂന്നാമത്തെ വിജയം. രാഷ്ട്രീയ, മത വിവേചനമില്ലാതെ മണ്ഡലത്തിന്റെ വികസനത്തിന് ഒപ്പമുണ്ടാകും.'

-ചാണ്ടി ഉമ്മൻ

`സഹതാപതരംഗത്തിന്റെ വിജയം. എൽ.ഡി.എഫ് അടിത്തറയ്ക്ക് മാറ്റമില്ല.'

-എം.വി. ഗോവിന്ദൻ,

സി.പി.എം സംസ്ഥാന സെക്രട്ടറി

`സ്നേഹംകൊണ്ടു ലോകം ജയിച്ച ഉമ്മൻചാണ്ടിക്ക് പുതുപ്പള്ളി നൽകിയ ആദരവ്. സർക്കാരിനെതിരായ ജനവികാരം.'

-വി.ഡി. സതീശൻ,

പ്രതിപക്ഷ നേതാവ്