യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്‌ത്തും മുമ്പ് ക്രൂര പീഡനം
കൊച്ചി: നെട്ടൂരിൽ സുഹൃത്തായ യുവാവിനെ പ്രതികൾ കൊലപ്പെടുത്തി ചതുപ്പിൽ താഴ്‌ത്തിയത് ക്രൂരമർദ്ദനത്തിനും പീഡനങ്ങൾക്കും ശേഷം. കുമ്പളം സ്വദേശി അർജുനെ (20) കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയ പ്രതികൾ ചതുപ്പിനു സമീപമുള്ള കണ്ടൽക്കാട്ടിൽ മണിക്കൂറുകൾ മുമ്പേ ഒത്തുകൂടി. കൂട്ടത്തിൽ പ്രായപൂർത്തിയാകാത്ത ആളെ അയച്ച് അർജുനെ അവിടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രതികളിൽ ഒരാളായ നിബിന്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിക്കാൻ കാരണം അർജുനാണെന്ന സംശയത്തെ തുടർന്നായിരുന്നു കൊലയ്‌ക്കുള്ള ആസൂത്രണം.
അർജുൻ എത്തിയതോടെ സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് കഞ്ചാവ് പുകച്ചു. ലഹരിയിലായ അർജുനെ പ്രതികൾ
പട്ടികയും കല്ലും ഉപയോഗിച്ച് ക്രൂരമായി അടിച്ചും ഇടിച്ചും പരിക്കേല്പിച്ചു. ഒരു മണിക്കൂറോളം നീണ്ട ക്രൂരതകൾക്കു ശേഷം ചതുപ്പിനടുത്തേക്ക് വലിച്ചിഴച്ചു. അബോധാവസ്ഥയിലായിരുന്ന അർജുൻ മരിച്ചിട്ടില്ലെന്ന് തിരിച്ചറിഞ്ഞതോടെ അവിടെവച്ചും ക്രൂരമായി മർദ്ദിച്ചു.
അർജുൻ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം ചതുപ്പിൽ താഴ്ത്തുകയും പൊങ്ങിവരാതിരിക്കാൻ കോൺക്രീറ്റ് സ്ലാബുകളിട്ട് ചവിട്ടിയുറപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. നെട്ടൂർ സ്വദേശികളായ മാളിയേക്കൽ നിബിൻ പീറ്റർ (20), കുന്നലക്കാട്ട് വീട്ടിൽ റോണി (23), കളപ്പുരയ്ക്കൽ വീട്ടിൽ അനന്തു (21), പനങ്ങാട് തട്ടാശേരിൽ അജിത്കുമാർ (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.