രക്ഷിതാക്കളുടെ ശ്രദ്ധയ്‌ക്ക്! ഈ ദിവസം മുതൽ സ്കൂളുകളിൽ ഉച്ചഭക്ഷണം ഉണ്ടായേക്കില്ല, ഗതികെട്ടെന്ന് അദ്ധ്യാപകർ

Saturday 09 September 2023 11:38 AM IST

മട്ടാഞ്ചേരി: സ്കൂൾ ഉച്ചഭക്ഷണ ഫണ്ട് മാസങ്ങളായി അനുവദിക്കാത്ത സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മാസങ്ങളായി ഉച്ചഭക്ഷണ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ഹെഡ്മാസ്റ്റർമാരും ഹെഡ്മിസ്ട്രസ്മാരും കടുത്ത പ്രതിസന്ധിയിലാണ്.

പ്രധാനാദ്ധ്യാപകരിൽ പലരും വൻ തുക വായ്പയെടുത്താണ് സ്കൂളിൽ പദ്ധതി നില നിർത്തുന്നത്. പ്രാഥമികഘട്ട സമരമെന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെ പോഷകാഹാര പദ്ധതിയുടെ ഭാഗമായ മുട്ടയും പാലും വിതരണം നിർത്തിവെയ്ക്കാനാണ് തീരുമാനം. സ്കൂൾ ഉച്ചഭക്ഷണ സമിതി വിളിച്ച് ചേർത്ത് തീരുമാനമെടുത്ത് ഒക്ടോബർ രണ്ട് മുതൽ പദ്ധതി നിർത്തിവെയ്ക്കാനാണ് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തീരുമാനിച്ചിട്ടുള്ളത്. കുടിശിക ഫണ്ട് ഉടൻ ലഭ്യമായില്ലെങ്കിൽ ഉച്ചഭക്ഷണ സമിതിയിൽ പ്രധാനധ്യാപകന്റെ നിസഹായവസ്ഥ ബോധ്യപ്പെടുത്തി കുട്ടികൾക്ക് ഉച്ചക്കഞ്ഞി നൽകാൻ തീരുമാനമെടുക്കണമെന്നും അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. സമാന ചിന്താഗതിയുള്ള മറ്റ് അദ്ധ്യാപക സംഘടനകളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭങ്ങൾക്കും രൂപം നൽകും.

വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. വിഷയത്തിൽ ഹൈക്കോടതിയെ സമീപിക്കും. നിലവിലെ കേസുകൾ വേഗം നടത്തുന്നതിന് ആവശ്യമായ നടപടികൾ അസോസിയേഷൻ സ്വീകരിക്കും. പാലും മുട്ടയും നിർത്തിവയ്ക്കുന്നതിന് അനുവാദം ചോദിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഡി.ജി.ഇയ്ക്കും സ്കൂളുകളിലെ ഉച്ചഭക്ഷണ സമിതികൾ യോഗം ചേർന്ന് കത്ത് നൽകാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. നവംബർ ഒന്നിന് മുമ്പ് ഉച്ചഭക്ഷണത്തുക വർദ്ധിപ്പിച്ചില്ലെങ്കിൽ സ്കൂൾ ഉച്ചഭക്ഷണ സമിതി ചേർന്ന് പദ്ധതി അനിശ്ചിതമായി നിർത്തിവയ്ക്കാൻ തീരുമാനിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഉച്ചഭക്ഷണ - പോഷകാഹാര പദ്ധതികളുമായി ബന്ധപ്പെട്ട ഹെഡ്മാസ്റ്റർമാരുടെ പ്രയാസങ്ങൾ അസോസിയേഷൻ ബോദ്ധ്യപ്പെടുത്തും. കേന്ദ്ര വിഹിതം അനുവദിക്കുന്നതുവരെ അടിയന്തരമായി സംസ്ഥാന സർക്കാർ ബദൽ സംവിധാനം നടപ്പിലാക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.