നെടുങ്കണ്ടം കസ്റ്റഡി മരണം: രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മിഷൻ

Saturday 13 July 2019 10:36 AM IST

കോട്ടയം: നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മിഷൻ പറഞ്ഞു. പൊലീസിനും ആർ.ഡി.ഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിർദേശം നൽകുമെന്നും ജുഡീഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി. വളരെ ലാഘവത്തോടെ ചെയ്ത പോസ്റ്റുമോർട്ടമാണ് രാജ്‍കുമാറിന്റേത്. ഇപ്പോഴത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും നിലവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്‍കുമാറിന്റെ ആന്തരികാവയങ്ങൾ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ചും വ്യക്തതയില്ല. ഇക്കാരണങ്ങളാൽ രാജ്‍കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ച് അന്വേഷണത്തൽ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രാജ്‍കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

അതേസമയം,​ നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം പി.ടി തോമസ് എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. രാജ്‍കുമാറിന്റെ മരണത്തിൽ പൊലീസിനും ആശുപത്രി അധികൃതർക്കും റിമാന്റ് നടപടികൾ ചെയ്ത മജിസ്ട്രേറ്റിനും വീഴ്ചയുണ്ടായതായി സംശയിക്കുന്നു. അതുകൊണ്ട് തന്നെ ഈ കേസിൽ സമഗ്ര അന്വേഷണം നടത്താൻ ജുഡിഷ്യൽ കമ്മിഷന് കഴിയില്ലെന്നും പി.ടി തോമസ് പ്രതികരിച്ചു. യഥാർത്ഥ വസ്തുതകൾ പുറത്ത് കൊണ്ടുവരണമെങ്കിൽ സി.ബി.ഐ അന്വേഷണം വേണമെന്നും ഇടുക്കി മുൻ എസ്‍.പി കെ ബി വേണുഗോപാലിനെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.