ആളുമാറി അറസ്റ്റ് ചെയ്ത് ദ്രോഹിച്ചത് 4 കൊല്ലം, ഭാരതിയമ്മയെ ജീവിക്കാൻ വിടാതെ വീണ്ടും പൊലീസ്
തങ്ങൾക്കെതിരായ കേസ് പിൻവലിക്കാൻ ഭീഷണി
നഷ്ടപരിഹാരം വേണ്ടെന്നും പറയണം
പാലക്കാട്: ആളുമാറി അറസ്റ്റ് ചെയ്ത് നാലു വർഷം പീഡിപ്പിച്ച പൊലീസ്, കുനിശ്ശേരി വടക്കേത്തറ മഠത്തിൽ വീട്ടിൽ ഭാരതിയമ്മയെ (84) വീണ്ടും ഭീഷണിപ്പെടുത്തുന്നു. നഷ്ടപരിഹാരം ആവശ്യമില്ലെന്നും പൊലീസുകാർക്കെതിരെ പരാതിയില്ലെന്നും എഴുതിയശേഷം ഒപ്പിടാൻ നിർബന്ധിക്കുകയായിരുന്നു.
സഹോദരനോട് ചോദിക്കാതെ ഒപ്പിടാൻ കഴിയില്ലെന്ന് പറഞ്ഞതോടെ എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്കറിയാം എന്നു ഭീഷണിപ്പെടുത്തി മടങ്ങി. എസ്.ഐയും ഒരു വനിതാ പൊലീസും ഉൾപ്പടെയുള്ള നാലംഗ സംഘമാണ് വീട്ടിലെത്തിയത്. സഹോദരൻ കൊച്ചുകൃഷ്ണൻ ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകി.
84 കാരിയായ നിരപരാധിയായ വൃദ്ധയെ അറസ്റ്റുചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.ശശികുമാർ നടത്തിയ വകുപ്പ്തല അന്വേഷണത്തിൽ പൊലീസുകാർക്കെതിരെ നടപടി ശുപാർശ ചെയ്തിരുന്നു. 2014ൽ ടൗൺ സൗത്ത് സ്‌റ്റേഷനിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് കുറ്റക്കാർ.
അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചിട്ടുണ്ട്. ഭാരതിയമ്മയുടെ വക്കീൽ കഴിഞ്ഞദിവസം ഈ പൊലീസുകാരുടെ പേരുവിവരം ആവശ്യപ്പെട്ട് വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. ഇതാവാം പൊലീസുകാർ വീട്ടിലെത്തിഭീഷണിപ്പെടുത്താനുള്ള കാരണം.
ഒറ്റയ്ക്ക് താമസിക്കുന്ന ഭാരതിയമ്മയ്ക്ക് പൊലീസ് സംരക്ഷണം നൽകണമെന്നും കേസിൽ നീതി വൈകരുതെന്നും കാണിച്ചാണ് ബംഗളൂരുവിലുള്ള സഹോദരൻ കൊച്ചുകൃഷ്ണൻ പരാതി നൽകിയത്.
കള്ളക്കേസിന്റെ കഥയിങ്ങനെ
1998ലാണ് സംഭവം. കള്ളിക്കാട് സ്വദേശി രാജഗോപാലിന്റെ വീട്ടുജോലിക്കാരിയായിരുന്ന ഭാരതി എന്ന സ്ത്രീ ചെടിച്ചട്ടിയും ജനൽചില്ലും മറ്റും എറിഞ്ഞുടക്കുകയും അസഭ്യം പറയുകയും ചെയ്തതാണ് കേസ്. പാലക്കാട് സൗത്ത് പൊലീസ് ഭാരതിയെ അറസ്റ്റ് ചെയ്തു. ഇവർ ജാമ്യത്തിലിറങ്ങി മുങ്ങി. 2019ൽ പൊലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്തു. അവർ പറഞ്ഞതൊന്നും കേൾക്കാൻ തയ്യാറായില്ല. നാലു വർഷത്തോളം കഴിഞ്ഞ് പരാതിക്കാരൻ നേരിട്ടെത്തി ഇതല്ല പ്രതിയെന്നും കേസുമായി മുന്നോട്ട് പോകാനില്ലെന്നും കോടതിയെ അറിയിച്ചതോടെയാണ് ഭാരതിയമ്മയെ കോടതി കുറ്റവിമുക്തയാക്കിയത്.