@ 'ഇ - മുറ്റം' പദ്ധതി ഒരുക്കം അവസാനഘട്ടത്തിൽ ഡിജിറ്റലാവാൻ ഒളവണ്ണ

Sunday 10 September 2023 12:02 AM IST
ഡിജിറ്റൽ സാക്ഷരത

കോഴിക്കോട് : ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഇ - മുറ്റത്തിന്റെ ഒരുക്കം അവസാന ഘട്ടത്തിൽ. പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റൽ സാക്ഷരരാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പഠിതാക്കളെ കണ്ടെത്താൻ ഡിജിറ്റൽ സർവേ സംഘടിപ്പിച്ചു. ഇതിനായി പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. വാർഡിൽ മൂന്നും നാലും ബാച്ചുകളായി അഞ്ചുദിവസത്തെ പരിശീലനവും നൽകി. സ്‌കൂളുകൾ മുഖേന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസുകളും പുരോഗമിക്കുകയാണ്.

നിലവിൽ ക്ലാസുകൾ ലഭിക്കാത്തവർക്കായി വാർഡ് തലത്തിലും പഞ്ചായത്ത് തലത്തിലും 'എക്‌സ്‌പ്ലോർ' എന്ന പേരിൽ മെഗാ പരിശീലന കളരി സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി പറഞ്ഞു.

സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിൽ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്. സാധാരണ ജനങ്ങളെ ഡിജിറ്റൽ മേഖലയിൽ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട് ഫോൺ, സാമൂഹ്യ മാദ്ധ്യമങ്ങൾ തുടങ്ങിയവ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാർക്ക് ഇന്റർനെറ്റിന്റെ സാദ്ധ്യത മനസിലാക്കാനും ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗവും ദുരുപയോഗവും തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.