കാലിയായ എൻജിനിയറിംഗ് സീറ്റുകൾ നിറയ്ക്കാൻ കോളേജുകളുടെ പെടാപ്പാട്
തിരുവനന്തപുരം: പഠിക്കാൻ കുട്ടികളില്ലാതെ കാലിയായി കിടക്കുന്ന സ്വാശ്രയ എൻജിനിയറിംഗ് സീറ്റുകൾ നിറയ്ക്കാൻ കോളേജുകളുടെ പെടാപ്പാട്. എൻട്രൻസ് യോഗ്യത നേടാത്തവരെ,സർക്കാർ നിശ്ചയിച്ചതിലും ഫീസ് കുറവ് ഈടാക്കി പ്രവേശിപ്പിക്കുകയാണിപ്പോൾ. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം വിദ്യാർത്ഥികളെ എത്തിക്കാനാണ് ശ്രമം. സർക്കാർ നിയന്ത്രിത,സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള എൻജിനിയറിംഗ് കോളേജുകളിൽ അലോട്ട്മെന്റിനുശേഷം ഒഴിവുണ്ടാവുന്ന സീറ്റുകളിൽ എൻട്രൻസ് എഴുതാത്തവർക്ക് 13വരെ സ്പോട്ട് അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കും.
ആകെ മെരിറ്റ് സീറ്റുകളിൽ 48ശതമാനവും കുട്ടികളില്ലാതെ ഒഴിഞ്ഞുകിടക്കുകയാണ്. സ്വാശ്രയ കോളേജുകളിൽ 67ശതമാനമാണ്. കുറഞ്ഞ ഫീസുള്ള സർക്കാർ,എയ്ഡഡ് കോളേജുകളിൽ 315മെരിറ്റ് സീറ്റ് കാലിയാണ്.
ആകെ 49461 സീറ്റുകളാണുള്ളത്. ഇതിൽ 34108 മെരിറ്റ് സീറ്രുകളാണ്. 17457 സീറ്റുകളിലേക്കാണ് മൂന്ന് ഘട്ടങ്ങളിലായി എൻട്രൻസ് കമ്മിഷണർ അലോട്ട്മെന്റ് നടത്തിയത്. ശേഷിക്കുന്നത് 16651 മെരിറ്റ് സീറ്റുകളും. സ്വാശ്രയ കോളേജുകളിലെ 19844 മെരിറ്റ് സീറ്റുകളിൽ 6495പേരാണ് അലോട്ട്മെന്റ് നേടിയത്. 13348 മെരിറ്റ് സീറ്റുകൾ മാനേജ്മെന്റുകൾക്ക് പ്രവേശനത്തിനായി വിട്ടുനൽകി. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളിലെ 8046 സീറ്റുകളിൽ 3123 സീറ്റുകൾ കാലിയാണ്.
സ്വാശ്രയ,സർക്കാർ നിയന്ത്രിത കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് പ്ളസ്ടുവിന് 45 ശതമാനം മാർക്ക് മതി. എൻ.ആർ.ഐ ക്വോട്ടയിലൊഴികെ എൻട്രൻസ് യോഗ്യത നേടാത്തവർക്ക് ഇതുവരെ പ്രവേശനം നേടാനാവില്ലായിരുന്നു. അതേസമയം,15ന് എൻജിനിയറിംഗ് പ്രവേശനം പൂർത്തിയാക്കണം.